കോഴിക്കോട്: കെ-റെയിലിനെതിരെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് മേഖല റാലികൾ 16ന് തുടങ്ങുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. സമരക്കാരെ സി.പി.എമ്മുകാർ അടിച്ചാൽ പ്രതിരോധിക്കും. അടികിട്ടേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പൊലീസ് അടിക്കുമെന്നാണോ പാർട്ടിക്കാർ അടിക്കുമെന്നാണോ എന്ന് വ്യക്തമാക്കണം. കൈ പണയം വെച്ച് സി.പി.എമ്മുകാർ മർദിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എയും പറഞ്ഞു.
ഡോ. എം.കെ. മുനീർ എം.എൽ.എ (കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ് എം.പി (എറണാകുളം), മോൻസ് ജോസഫ് എം.എൽ.എ (കോട്ടയം), എൻ.കെ. പ്രേമചന്ദ്രൻ എം.പി (തിരുവനന്തപുരം) എന്നിവരാണ് നാലു മേഖലകളിലെ ജാഥകൾ നയിക്കുക. 16 മുതൽ 19 വരെയാണ് ജാഥകൾ. കോഴിക്കോട് മേഖല ജാഥ കാസർകോട് നിന്ന് തുടങ്ങി മുതലക്കുളം മൈതാനിയിൽ സമാപിക്കും.
എറണാകുളം മേഖല ജാഥ പിറവത്തുനിന്ന് ആരംഭിച്ച് മലപ്പുറത്തും കോട്ടയം മേഖല ജാഥ തൊടുപുഴയിൽനിന്നു തുടങ്ങി കോട്ടയത്തും തിരുവനന്തപുരം മേഖല ജാഥ തിരുവനന്തപുരത്തുനിന്നാരംഭിച്ച് ആലപ്പുഴയിലും സമാപിക്കും. മേഖല ജാഥകൾ കഴിഞ്ഞാലുടൻ എല്ലാ ജില്ലകളിലും വിദഗ്ധരെ പങ്കെടുപ്പിച്ച് സംവാദം നടത്തും. ആഗസ്റ്റ് 15ന് കെ-റെയിൽ കടന്നുപോവുന്ന പ്രദേശങ്ങളിലൂടെ മനുഷ്യച്ചങ്ങലയൊരുക്കും. മേയ് 20ന് എൽ.ഡി.എഫ് സർക്കാറിന്റെ ഒന്നാം വാർഷികം ജനദ്രോഹ ദിനമായി ആചരിക്കും.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോഴിക്കോട് മേഖല ജാഥയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.