അനിശ്ചിതത്വം നീങ്ങി; ഭവനനിർമാണ ബോർഡ് വീണ്ടും നിർമാണമേഖലയിലേക്ക്

തിരുവനന്തപുരം: പിരിച്ചുവിടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയതോടെ സംസ്ഥാന ഭവന നിർമാണബോർഡ് വീണ്ടും നിർമിതിയിലേക്ക്. ബോർഡ് പിരിച്ചുവിടേണ്ടതില്ല എന്ന കുറിപ്പോടെ വിവാദ ഫയൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചതോടെയാണ് ഏറെനാളായി നിലനിന്ന അനിശ്ചിതത്വം ഒഴിവായത്.

ബോർഡിന് കീഴിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടത്താനും മുഖ്യമന്ത്രി ഫയലിൽ നിർദേശിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി ബോർഡിന്‍റെ 126 ഏക്കറോളം വരുന്ന ഭൂമിയിൽ വാണിജ്യസമുച്ചയങ്ങൾ ഉൾപ്പെടെ നിർമാണം ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി ബോർഡ് പിരിച്ചുവിടുന്ന വക്കിലായിരുന്നു. ഒരു കാലത്ത് സർക്കാർ നിർമിതികളും മറ്റു ഭവനനിർമാണങ്ങളും ബോർഡിന് കീഴിലാണ് നടന്നിരുന്നത്. പിരിഞ്ഞുകിട്ടാനുള്ള തുകകൾ വൻ കുടിശ്ശികയായതോടെ ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണതോടെ ജീവനക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി. ഇതിനിടെ ബോർഡ് പിരിച്ചുവിട്ട് ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിക്കണം എന്ന നിർദേശവും ഉയർന്നു.

ബോർഡിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. രാജൻ അതു സമ്മതിച്ചില്ല. ബോർഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി എഴുതിയ കുറിപ്പിനെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. മന്ത്രിസഭയും എൽ.ഡി.എഫും കഴിഞ്ഞുമതി ഉദ്യോഗസ്ഥഭരണമെന്നും രാജൻ വിമർശിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങിയ ഫയൽ കഴിഞ്ഞദിവസം മുന്നിൽ എത്തിയപ്പോഴാണ് ബോർഡ് തുടരേണ്ടതാണെന്ന് മുഖ്യമന്ത്രി കുറിച്ചത്. ദുർബല വിഭാഗങ്ങളുടെ ഭവനനിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ കുടിശ്ശിക എഴുതിത്തള്ളിയ ഇനത്തിൽ ബോർഡിന് സർക്കാർ 243.16 കോടി രൂപ നൽകാനുണ്ട്. ഇതിൽ 20 കോടി രൂപ നൽകാൻ ധാരണയായിരുന്നു. 126 ഏക്കർ ഭൂമിയും 40 വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 60 കെട്ടിടങ്ങളും അടക്കം 10,000 കോടി രൂപയുടെ ആസ്തി ഉള്ള സ്ഥാപനമാണ് ബോർഡ്.

എം.എൻ ലക്ഷംവീട് പദ്ധതിയിലെ ഇരട്ടവീടുകൾ ഒറ്റവീട് ആക്കുന്ന ‘സുവർണഭവനം’ പദ്ധതി ഉൾപ്പെടെ നടപ്പാക്കുന്നത് ബോർഡാണ്. വീണ്ടും നിർമാണങ്ങളിലേക്ക് കടക്കുമ്പോൾ ബോർഡിന്‍റെ ഭൂമിയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ, ആശുപത്രികൾ കേന്ദ്രീകരിച്ച് കുറഞ്ഞചെലവിൽ താമസിക്കാവുന്ന കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ തുടങ്ങിയവയാവും നിർമിക്കുക.

Tags:    
News Summary - The uncertainty is gone; The Housing Board is back in the construction sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.