‘ഇടതും വലതും ബി.ജെ.പിക്ക് കൽപിച്ചിരുന്ന അയിത്തം അവസാനിച്ചു; കേരളവും ബാലികേറാമലയല്ല’

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷവും വലതുപക്ഷവും ബി.ജെ.പിക്ക് കൽപിച്ചിരുന്ന അയിത്തം അവസാനിച്ചുവെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതും കൂടെ നിർത്തുന്നതുമായ പാർട്ടിയാണ് ബി.ജെ.പി. പ്രമുഖർ ഓരോ ദിവസവും ബി.ജെ.പിയിലേക്ക് വരുന്നു. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്നും 2026ൽ സർക്കാറുണ്ടാക്കാനുള്ള അക്ഷീണ ശ്രമത്തിലാണെന്നും മുൻ ഡി.ജി.പി ആർ. ശ്രീലേഖക്ക് പാർട്ടി അംഗത്വം നൽകിയ ശേഷം സുരേന്ദ്രൻ പ്രതികരിച്ചു.

“ശ്രീലേഖ ഐ.പി.എസ് കേരളീയർക്ക് സുപരിചിതയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമായിരുന്നു. പൊലീസിൽ ഒരുപാട് പരിഷ്കരണങ്ങൾ കൊണ്ടുവന്നു. സ്ത്രീ സമത്വത്തിനു വേണ്ടിയും മനുഷ്യാവകാശത്തിനു വേണ്ടിയും പ്രവർത്തിച്ചു. അറിയപ്പെടുന്ന സാഹിത്യകാരി കൂടിയാണ്. നവരാത്രി കാലത്ത് അവർക്ക് ബി.ജെ.പി അംഗത്വം നൽകാനായത് സന്തോഷം നൽകുന്ന കാര്യമാണ്.

ഇടതുപക്ഷവും വലതുപക്ഷവും ബി.ജെ.പിക്ക് കേരളത്തിൽ തൊട്ടുകൂടായ്മ കൽപിച്ചിരുന്നു. ആ മതിൽക്കെട്ട് ഞങ്ങൾ പൊളിച്ചിരിക്കുകയാണ്. അയിത്തം അവസാനിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതും കൂടെ നിർത്തുന്നതുമായ പാർട്ടിയാണിത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖർ ഓരോ ദിവസവും ബി.ജെ.പിയിലേക്ക് വരുന്നു. പത്തു വർഷമായി ബി.ജെ.പിക്ക് ഘടനാപരമായി ഉണ്ടായ മാറ്റത്തിന്‍റെ കൂടി പ്രതിഫലനമാണിത്. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല. 2026ൽ തന്നെ സംസ്ഥാനത്ത് സർക്കാറുണ്ടാക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്” -സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകർഷയായാണ് പാർട്ടിയിൽ ചേരുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. മൂന്നാഴ്ചത്തെ ആലോചനക്ക് ശേഷമാണ് പാർട്ടിയിൽ ചേർന്നത്. മോദി പ്രഭാവമാണ് ആകർഷിച്ചത്. മുപ്പത്തിമൂന്നര വർഷം പൊലീസിൽ നിഷ്പക്ഷയായാണ് പ്രവർത്തിച്ചത്. അതിനു ശേഷം ഇപ്പോൾ ഇതാണ് ശരിയെന്ന് തോന്നി. ജനസേവനം തുടരുക എന്നതാണ് ഉദ്ദേശ്യം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - The untouchability established by left and right on BJP in Kerala is over - K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.