തിരുവനന്തപുരം: സിനിമയെ വർഗീയ പ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി രാജ്യത്ത് വർധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സമര്‍പ്പണം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ കളങ്കപ്പെടുത്തി അവതരിപ്പിക്കാൻകൂടി സിനിമ എന്ന മാധ്യമം കഴിഞ്ഞവർഷം ഉപയോഗിക്കപ്പെട്ടു.
കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിേന്റത് അല്ലാത്ത ഒരു കഥ, സിനിമ എന്ന മാധ്യമം വഴി ചിലർ പ്രചരിപ്പിച്ചു. ലവ് ജിഹാദിന്റെ നാടാണിത് എന്ന് വരുത്തിത്തീർക്കുന്ന അസത്യാത്മകമായ ഒരു വർഗീയ സിനിമ, അതിനെ സിനിമയെന്ന് വിളിക്കുന്നത് പോലും ശരിയല്ല. കശ്മീരിന്റെ ഫയൽ എന്ന് പറഞ്ഞ് വർഗീയ വിദ്വേഷം പുലർത്തുന്ന മറ്റൊരുസിനിമയും ഇതേ ഘട്ടത്തിലുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാചാരങ്ങളുടെ ജീർണമായ അന്ധകാരത്തെ പുനരുജ്ജീവിപ്പിച്ച് എടുക്കാനുള്ള ആയുധം എന്ന നിലക്ക് സിനിമയെ ഉപയോഗിക്കാനുള്ള പ്രവണത കാര്യമായി കാണാനുണ്ട്. ഇതിന് ശക്തി കൈവരുന്ന ഒരുകലാന്തരീക്ഷം ദേശീയതലത്തിൽ നിലനിൽക്കുന്നു. ഈ ഇരുട്ടിൽ വെളിച്ചത്തിന്റെ ദ്വീപുപോലെ നിൽക്കുകയാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടി.വി. ചന്ദ്രനും 2021ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ ശ്യാമപ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം മമ്മൂട്ടിക്കായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കുഞ്ചാക്കോ ബോബന്, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്, എം. ജയചന്ദ്രന്, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള് തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.