ആലപ്പുഴ: തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും അത്തരം പരാതികൾ പരിഗണിക്കാൻ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തനം നിലച്ച നിലയിൽ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അലംഭാവമാണ് കമ്മിറ്റി പ്രവർത്തനം നിലക്കാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം നവംബർ 15ന് ശേഷം ഇതുവരെ ഒരു കേസുപോലും കമ്മിറ്റിക്ക് പരിഗണിക്കാനായിട്ടില്ല.
കമ്മിറ്റിക്ക് മുന്നിൽ 5463 പരാതി നിലവിലുണ്ട്. ഇതുവരെ കമ്മിറ്റിക്ക് ലഭിച്ച 6425 പരാതിയിൽ 962 എണ്ണം മാത്രമാണ് പരിഗണിക്കാനായത്. കമ്മിറ്റി സെക്രട്ടറി കഴിഞ്ഞ ഡിസംബറിൽ രാജിവെച്ചിരുന്നു. പകരം ആളെ നിയമിക്കാത്തതാണ് പ്രവർത്തനം നിലക്കാൻ കാരണം. കഴിഞ്ഞ വർഷം ആഗസ്റ്റിൽതന്നെ സെക്രട്ടറി രാജിവെക്കുന്ന വിവരം മുൻകൂറായി തദ്ദേശ വകുപ്പിനെ അറിയിക്കുകയും പകരം ആളെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് കമ്മിറ്റി ഓഫിസിൽനിന്ന് അറിയിച്ചു.
സെക്രട്ടറി പോയ ശേഷം ജസ്റ്റിസ് സിരിജഗൻ ഹൈകോടതിയിൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരാളെ കണ്ടുപിടിച്ച് അയാളെ സെക്രട്ടറിയായി നിയമിക്കണമെന്ന് തദ്ദേശ വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും അതിലും നടപടി ഉണ്ടായില്ല. കേസുകൾ പരിഗണിക്കുമ്പോൾ വിചാരണ സമയത്ത് അതിന്റെ കുറിപ്പുകൾ തയാറാക്കുന്നത് സെക്രട്ടറിയാണ്. തെളിവെടുക്കുമ്പോൾ അക്കാര്യങ്ങൾ എഴുതിയെടുക്കുന്നതും സെക്രട്ടറിയാണ്. സെക്രട്ടറിയുടെ അഭാവത്തിൽ കേസുകൾ പരിഗണിക്കാനാവില്ല.
കമ്മിറ്റി ഓഫിസിൽ ഇപ്പോൾ ഒരു ക്ലർക്കും ഓഫിസ് അസിസ്റ്റന്റും മാത്രമാണ് സ്റ്റാഫുകളായുള്ളത്. ഇവർ രണ്ടുപേരും കൊച്ചി കോർപറേഷൻ ജീവനക്കാരാണ്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് ഇവരെ അനുവദിച്ചിട്ടുള്ളത്.
അധ്യക്ഷനായ ജസ്റ്റിസ് സിരിജഗനെ കൂടാതെ നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റി അംഗങ്ങൾ. സെക്രട്ടറിയെ നിയമിക്കുന്നില്ലെങ്കിൽ വിവരം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജസ്റ്റിസ് സിരിജഗൻ തദ്ദേശ വകുപ്പിനെ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് 20 ദിവസത്തിലേറെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതിദിനം 45ഓളം പരാതി കമ്മിറ്റിക്ക് ലഭിക്കുന്നുണ്ട്.
കമ്മിറ്റി ഓഫിസിൽ ഒരു ഫോൺപോലും അനുവദിച്ചിട്ടില്ല. ഓഫിസിന്റെ ദൈനംദിന പ്രവർത്തനം നടക്കുന്നത് ജസ്റ്റിസ് സിരിജഗൻ കൈയിൽനിന്ന് പണം ചെലവാക്കിയാണ്. പോസ്റ്റൽ ചാർജ് ഇനത്തിൽ മാത്രം 1,65,000 രൂപ ജസ്റ്റിസ് സിരിജഗന് സർക്കാർ നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.