'വാക്സിൻ ചലഞ്ച്‌ കൊള്ളാം, പക്ഷെ നിങ്ങൾ നൽകുന്ന പണം സി.പി.എം നേതാക്കളുടെ അക്കൗണ്ടിൽ എത്തില്ലെന്ന്​ ഉറപ്പാക്കണം'

തിരുവനന്തപുരം: ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അ‍ഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും വാക്​സിൻ സൗജന്യം വേണമെന്ന് വാശിപിടിക്കുന്നത് ദരിദ്രജന വിഭാഗത്തോടുള്ള വെല്ലുവിളിയാണെന്ന്​ കേ​ന്ദ്ര സഹമന്ത്രി വി. മുരളീധരൻ.

'വാക്സിൻ ചലഞ്ച്‌' കൊള്ളാം. പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സി.പി.എം നേതാക്കൾ അടിച്ചുമാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങൾ നൽകുന്ന പണം സി.പി.എം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.


ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

മോദിവിരുദ്ധതയ്ക്ക് 'വാക്സിനി'ല്ല...!
കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാറിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം. സൗജന്യവാക്സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്സിന്‍ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്…! ഇതിലൂടെ 280 കോടി രൂപ സംസ്ഥാനത്തിന് ലാഭിക്കാനായി എന്ന് മറക്കരുത്.

വാക്സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. തുടര്‍ന്നും കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചു​െവക്കുന്നു.

രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ സൗജന്യവാക്സിന്‍ ലഭിക്കും.
കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവർ കോവിഡിന്‍റെ പേരിൽ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകൾക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം.

സംസ്ഥാനക്വോട്ട നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സർക്കാറിന്​ വ്യക്തമായ ധാരണയുമുണ്ട്. അപ്രതീക്ഷിതമായി നമ്മള്‍ നേരിടേണ്ടി വന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരി.
വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്സിന്‍റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്‍റെ ശാസ്ത്രീയത എന്താണ്?

പള്‍സ് പോളിയോ, ബിസിജി തുടങ്ങി വിവിധ പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഏതാണ് ആറുമാസമോ ഒരു വര്‍ഷമോ കൊണ്ട് സാര്‍വത്രികമായി മാറിയത്…..? കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവെപ്പ്​ കുട്ടികളിലോ പ്രായമായവരിലോ ഒതുങ്ങുന്നതല്ലന്നും ഓര്‍ക്കണം.

അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാകൂ. അതിനാലാണ് വാക്​സിന്‍ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അ‍ഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. മഹാമാരി പിടിമുറുക്കിയ പോയവര്‍ഷം മലയാളി മദ്യപാനത്തിന് ചിലവിട്ടത് 10,340 കോടി രൂപയാണെന്ന് മറക്കരുത്.

'വാക്സിൻ ചലഞ്ച്‌' കൊള്ളാം.... പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങൾ നൽകുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥന........🙏🏻

Tags:    
News Summary - ‘The vaccine is a challenge, but make sure the money you donate does not reach the CPM leaders’ accounts ’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.