തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ എൽ.ഡി.എഫിൻെറ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ ധാരണയുടെ ജാരസന്തതിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഒരു ധാർമികതയും അവകാശപ്പെടാനില്ലാത്ത നീചമായ വോട്ട് കച്ചവടമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടന്നത്.
എന്താണ് ഇതിന് പ്രതിഫലം വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ചുരുങ്ങിയത് സ്ഥാനാർഥികളോടെങ്കിലും പറഞ്ഞുകൊടുക്കണം.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ പ്രസക്തി പൂർണമായും നഷ്ടമായി. യു.ഡി.എഫിന് നിർണായകമായ സ്വാധീനമുള്ള വാർഡുകളിൽ പോലും അവരുടെ വോട്ട് ശതമാനം വളരെയധികം താഴെ പോയിരിക്കുന്നു. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ വോട്ട് കച്ചവടമാണ് തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല സ്ഥലത്തും നടന്നത്. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ ഇതിന് മധ്യസ്ഥം വഹിക്കുകയുണ്ടായി. അതിനാലാണ് എൽ.ഡി.എഫിന് മേൽക്കൈ നേടാനായത്.
എൽ.ഡി.എഫിനെ നേരിടുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എൽ.ഡി.എഫിൻെറ പരാജയം ഉറപ്പുവരുത്താൻ കഴിയുന്ന നിരവധി സ്ഥലങ്ങളിൽ യു.ഡി.എഫ് നിലപാട് പകൽപോലെ വ്യക്തമാണ്. തിരിച്ചും ചില സ്ഥലങ്ങളിൽ എൽ.ഡി.എഫിൻെറ സഹായം കിട്ടിയിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ സി.പി.എമ്മിന് പല വാർഡുകളിലും നൂറിൽ താഴെയാണ് വോട്ട്. നേരത്തെ ഇവിടെ 400ന് മുകളിൽ വോട്ടുകളുണ്ടായിരുന്നു. ഇവിടെയും വ്യക്തമായ ഒത്തുകളിയും വോട്ടുകച്ചവടവും നടന്നു.
സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, നേരത്തെ ബി.ജെ.പി ജയിച്ച പല വാർഡുകളിലും യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചതായും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.