ആലുവ: ദൈവത്തെ സ്നേഹിക്കാനും സമൂഹത്തെ സേവിക്കാനും മതപുരോഹിതർ അവിവാഹിതരാകണമെന്ന കാഴ്ചപ്പാട് പൂർണമായി മാറ്റണമെന്ന് പ്രശസ്ത സാഹിത്യകാരി ഗ്രേസി ചൂണ്ടിക്കാട്ടി. കേന്ദ സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാര ജേതാവായതിനെ തുടർന്ന് യുവകലാസാഹിതിയുടെ അനുമോദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.
സമൂഹത്തിന് മാതൃകയാകേണ്ട മതപുരോഹിതരും മറ്റും ബാലപീഡനത്തിൽ പ്രതികളാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. വിവാഹിതരായവും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നുണ്ട്. ശക്തമായ നിയമസംവിധാനമുണ്ടെങ്കിലും നിയമം ലംഘിച്ച് ശ്രദ്ധേയരാകുവാനാണ് ഏറെപ്പേരും ഉത്സാഹം കാണിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു കൂട ജൈവ പച്ചക്കറി സമ്മാനിച്ചാണ് മുൻ എം.എൽ.എ പി.രാജു ഗ്രേസി ടീച്ചറെ അനുമോദിച്ചത്.
എ.ഷംസുദ്ദീൻ, പി.എ. ഹംസക്കോയ, പി. നവകുമാരൻ, ബേബി കരുവേലിൽ, പി.എ. അബ്ദുൽ കരീം, പി.ആർ. രതീഷ്, രാജശ്രീ പന്തപ്പിള്ളി എന്നിവർ സംബന്ധിച്ചു. ഗ്രേസി ടീച്ചറുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന ബാല കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.