കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മലിനജലമൊഴുകി ദുർഗന്ധപൂരിതം. ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർക്കും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും മൂക്കുപൊത്തിയാണ് നടക്കുന്നത്. പത്തു ദിവസംപോലുമായില്ല ഇവിടെ മാലിന്യടാങ്ക് നിർമിച്ചിട്ട്.
ഇതിനിടെയാണ് ഇത് നിറഞ്ഞ് പരിസരമാകെ നാറിയത്. ബസ് സ്റ്റാൻഡിലുള്ള ചെറിയ ഹോട്ടലുകളിൽനിന്നും കാന്റീനുകളിൽനിന്നുമുള്ള മലിനജലമാണ് ഈ ടാങ്കിലേക്കെത്തുന്നത്. മുമ്പ് മാലിന്യം ഓടയിലേക്കാണ് ഒഴുക്കിവിട്ടതെന്നും റോഡ് പണിയെടുക്കുമ്പോൾ അത് പൊളിച്ചതാണ് ടാങ്ക് നിർമിച്ച് അതിലേക്ക് മാറ്റാൻ കാരണമെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു.
ദിവസം മുഴുവൻ ദുർഗന്ധം സഹിച്ചാണ് ഡ്രൈവർമാർ ഇവിടെ കഴിയുന്നത്. നിരവധി പരാതികൾ ഇതിനകം ഇവർ നൽകി. പൊലീസ് സ്റ്റേഷൻ, മുനിസിപ്പാലിറ്റി തുടങ്ങി ശുചിത്വമിഷനിലും പരാതി നൽകിയിട്ടുണ്ട്. ശുചിത്വമിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ ജീവനക്കാർ സ്ഥലം പരിശോധിച്ചിരുന്നു. ഹൈകോടതി ഉത്തരവുപ്രകാരം കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മറ്റൊരു പ്രവർത്തനവും പാടില്ലെന്നും മുനിസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം പൊതുജനങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ ചെറിയ സ്ഥലം കൊടുത്തിട്ടുണ്ടെന്നും ടാക്സി ഡ്രൈവർമാർ പറയുന്നു. ഒരുവിധത്തിൽ ഈ ടാങ്ക് ഇവിടെ നിർമിച്ചത് നിയമ ലംഘനമാണെന്നും അവർ പറയുന്നു.
പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന അഞ്ച് ഹോട്ടലുകളിൽനിന്നാണ് ഈ മാലിന്യം ഒഴുകുന്നത്. നേരത്തെ ഓടകളിലേക്കാണ് മാലിന്യം ഒഴുക്കിവിട്ടത്. പത്ത് ദിവസം മുമ്പ് നിർമിച്ച മാലിന്യടാങ്ക് നിറഞ്ഞപ്പോൾ ഡ്രൈവർമാർ പരാതി പറഞ്ഞതനുസരിച്ച് മുനിസിപ്പാലിറ്റി അധികൃതർ തിങ്കളാഴ്ച രാത്രി മലിനജലമെടുത്തിരുന്നു. എന്നാൽ, ഒരു ദിവസം കഴിയുമ്പോഴേക്കും ഇത് വീണ്ടും നിറഞ്ഞൊഴുകി.
നാലു മീറ്ററോളം നീളവും രണ്ടു മീറ്റർ താഴെ വീതിയും ഒരാൾ പൊക്കത്തിലുള്ള ആഴവും മാത്രമാണ് ടാങ്കിനുള്ളത്. വീടുകളിൽ നിർമിക്കുന്ന ടാങ്കിന് സമാനമായാണിത് നിർമിച്ചിട്ടുള്ളത്. ഇത്രയും ഹോട്ടലുകളിലേയും കൂൾബാറിലേയും മാലിന്യമൊഴുക്കാൻ ഇതിലും വലിയ ടാങ്ക് വേണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ടാങ്ക് എന്തായാലും നീക്കാൻ പറ്റില്ലെന്നും സ്റ്റാൻഡിനകത്തുള്ള ഹോട്ടലുകൾ നീക്കംചെയ്യുകയേ മാർഗമുള്ളൂവെന്നുമാണ് ശുചിത്വ മിഷൻ അധികൃതർ ടാക്സി ഡ്രൈവർമാരെ അറിയിച്ചത്. എന്നാൽ, ഹോട്ടലുകൾ മാറ്റിയാൽ മാലിന്യടാങ്കിനെ കൊണ്ട് ആവശ്യമില്ലല്ലോ എന്നുള്ളതാണ് മറുചോദ്യം.
പരാതി നൽകിയിട്ടും ശാശ്വതപരിഹാരമില്ലെന്നും മറ്റ് നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.