തിരുവനന്തപുരം: പ്രതിമാസം 15 കിലോ ലിറ്ററിന് താഴെ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് സൗജന്യമായ ജലവിതരണം നടത്തുന്ന രീതി തുടരാനാവില്ലെന്ന് ജല അതോറിറ്റി. പ്രതിമാസം 10 മുതൽ 12 കോടി രൂപ വരെ അധികബാധ്യത ഉയരുന്ന സാഹചര്യത്തിൽ സർക്കാർ വിഹിതം നൽകാതെ മുന്നോട്ടുപോകാനാകില്ലെന്ന് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി. പണം ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകാൻ തീരുമാനിച്ചു.
ജല അതോറിറ്റിക്ക് സർക്കാറിൽനിന്ന് നോൺ പ്ലാൻ ഗ്രാൻറ് ലഭിക്കുന്നില്ല. ബി.പി.എൽ സബ്സിഡിക്ക് തുല്യമായ ഗ്രാൻറ് അനുവദിക്കുന്നതിനോ നോൺ പ്ലാൻ ഗ്രാൻറ് കൃത്യമായി നൽകാനോ സർക്കാറിനോട് ആവശ്യപ്പെടാനാണ് തീരുമാനം. അതേസമയം, മാരക രോഗമുള്ളവർ, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പുതുക്കിയ വെള്ളക്കരത്തിൽ ഇളവ് നൽകുന്നതിനുള്ള അജണ്ടക്ക് ബോർഡ് അംഗീകാരം നൽകി.
40 ശതമാനമോ അതിൽകൂടുതലോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബം, 40 ശതമാനമോ അതിൽക്കൂടുതലോ അംഗവൈകല്യം ബാധിച്ചവരുള്ള കുടുംബം എന്നീ വിഭാഗങ്ങളിൽ വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ താഴെയും പ്രതിമാസ ഉപഭോഗം 15 കിലോ ലിറ്ററിൽ താഴെയുമാണെങ്കിൽ വർധിപ്പിച്ച വെള്ളക്കരത്തിൽ 50 ശതമാനം ഇളവ് അനുവദിക്കും.
അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവക്ക് 60 കിലോ ലിറ്റർ വരെ പ്രതിമാസ ഉപയോഗത്തിന് വർധിപ്പിച്ച വെള്ളക്കരത്തിൽ 50 ശതമാനം ഇളവ് നൽകും. സർക്കാർ അനുമതിയോടെയാവും ഇത് നടപ്പാക്കുക. വെള്ളക്കരം കുടിശ്ശിക വന്ന ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ അദാലത് നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.