തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് വിവരിക്കുന്ന കാര്യങ്ങൾ കേരളത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി നടത്തുന്ന പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്ന രീതിയിലുള്ളതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധങ്ങളും നടക്കുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി - യുവജന സംഘടനകളും നടത്തുന്ന അത്തരം പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധിപ്പിച്ച് സമൂഹത്തിൽ പുകമറകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്ന ശൈലി വിവേകപൂർവമായതല്ല.
വെൽഫെയർ പാർട്ടിയെ കുറിച്ച് റിപ്പോർട്ടിലുള്ള പരാമർശങ്ങൾ എന്തു വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് ഇന്റലിജൻസും സംസ്ഥാന ആഭ്യന്തര വകുപ്പും വ്യക്തമാക്കണം. വെൽഫെയർ പാർട്ടി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് സുരക്ഷാഭീഷണിയുടെ കാരണങ്ങളെങ്കിൽ അക്കാര്യം സർക്കാർ പൊതുജനങ്ങളോട് പറയണം.
ബി.ജെ.പിയുടെ പ്രചാരണങ്ങൾ എങ്ങനെയാണ് ഇന്റലിജൻസ് രേഖയിൽ അതേപടി കയറിപ്പറ്റിയതെന്ന ചോദ്യത്തിന് മറുപടി പറയാൻ സംസ്ഥാന മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.