തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നും ഇത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനിടയുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇടത് സ്ഥാനാർഥിയായ ജെയ്ക്ക് സി. തോമസിനെ സ്വീകരിച്ചത് സ്ഥാനാർഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാർഥികൾ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സ്ഥാനാർഥികൾ വന്നാൽ ഞങ്ങൾ സ്വീകരിക്കും. ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് വന്നു, യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വന്നു. ഇനി ബി.ജെ.പി സ്ഥാനാർഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും, അത് സാധാരണമാണ്. സ്ഥാനാർഥികൾ വരുമ്പോൾ സൗഹൃദപരമായി ഞങ്ങൾ ഇടപെടും. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് എന്നും സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനം ആവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അത് എൻ.എസ്.എസിന്റേതായി വ്യാഖ്യാനിച്ചു. അതിന്റെ പേരിൽ എൻ.എസ്.എസ് സമദൂരം തെറ്റിച്ചെന്ന് പ്രചാരണമുണ്ടായി. ഒന്നിന്റെ പേരിലും എൻ.എസ്.എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും സുകുമാരൻ നായർ വിശദീകരിച്ചു. മാധ്യമങ്ങളാൽ ഏറ്റവും വേട്ടയാടലുകൾക്കിരയായ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.