കൊച്ചി: അനുരഞ്ജനവും നിയനിർമാണവും നിലച്ചതോടെ യാക്കോബായ സഭക്ക് ഒരു പള്ളികൂടി നഷ്ടമായി. കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് പള്ളിയാണ് യാക്കോബായ പക്ഷത്തിന് നഷ്ടമായത്. ഹൈകോടതി നിർദേശത്തെ തുടർന്ന് പൊലീസ് സംരക്ഷണയിൽ വികാരിമാരായ ഫാ. ജോൺ, ഫാ. സിബി എന്നിവരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം ശനിയാഴ്ച രാവിലെ പൂട്ട് തകർത്ത് പള്ളിയിൽ പ്രവേശിക്കുകയായിരുന്നു.
ഇതോടെ മലങ്കര സഭ തർക്കത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യാക്കോബായ പക്ഷത്തിന് നഷ്ടമായ പള്ളികളുടെ എണ്ണം 57 ആയി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് യാക്കോബായ പക്ഷത്തിന് പള്ളികൾ നഷ്ടമാകാൻ കാരണം. മലങ്കര സഭയിലെ 1064 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു കോടതി വിധി. യാക്കോബായ സഭയുടെ 2002ലെ ഭരണഘടന കോടതി റദ്ദാക്കുകയും ചെയ്തു.
ഈ വിധിയെ തുടർന്ന് കോലഞ്ചേരി, വരിക്കോലി, നെച്ചൂർ പള്ളികളും പിന്നാലെ മറ്റ് പള്ളികളും യാക്കോബായ വിഭാഗത്തിന് നഷ്ടമായി. സഭക്ക് ഏറെ സ്വാധീനമുള്ള എറണാകുളം ജില്ലയിലെ പ്രധാന പള്ളികളെല്ലാംതന്നെ ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലായി.വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ശക്തമായതോടെ സർക്കാർതലത്തിൽ നിരവധി അനുരഞ്ജന നീക്കം നടന്നെങ്കിലും ഫലംകണ്ടില്ല.
തുടർന്ന് പ്രശ്ന പരിഹാരത്തിന് നിയമനിർമാണമെന്ന ചർച്ച സജീവമായി. ഇതിന്റെ ഭാഗമായി നിയമ പരിഷ്കാര കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച നിയമത്തെ സംബന്ധിച്ച് സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി. 12.5 ലക്ഷം പ്രതികരണം ലഭിച്ചതിൽ ഭൂരിപക്ഷവും നിയമനിർമാണത്തെ അനുകൂലിച്ചു. നിയമ നിർമാണത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇരു സഭ പ്രതിനിധികളുമായി പിന്നീട് ചർച്ച നടന്നെങ്കിലും വിജയംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.