റോഡിൽ കുടുങ്ങിയ ‘ജഡ്ജി’ക്ക് ആദ്യം സല്യൂട്ട്, പിന്നെ ലോക്കപ്പ്; ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കിയ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലാണ് ആ വിളിയെത്തിയത്. ‘ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി’യാണ് മറുതലക്കൽ. പത്തനംതിട്ടയിൽനിന്നുള്ള ഒരു പ്രമുഖ ജഡ്ജി വാഹനം കേടായി ഹൈവേയിൽ കുടുങ്ങിയിരിക്കുന്നു. വേണ്ടത് ചെയ്യണം. ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് നീലേശ്വരം ഹൈവേയിലേക്ക് കുതിച്ചു. പറഞ്ഞ സ്ഥലത്ത് കേടായ കാറിൽ ജഡ്‍ജിയെ കണ്ട് സല്യൂട്ടടിച്ച് കാര്യം തിരക്കി.

തനിക്ക് ഭീഷണിയുണ്ടെന്നും ഉടൻ ഒരു ലോഡ്ജിലെത്തിക്കണമെന്നുമായിരുന്നു ജഡ്ജിയുടെ ആവശ്യം. പൊലീസ് വാഹനം കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഹോട്ടലിലേക്ക്. ഭീഷണി നേരിടുന്ന ജഡ്ജിയായതിനാൽ അവിടെ പ്രത്യേക സുരക്ഷ ഏർപ്പാടാക്കാനും പൊലീസ് മറന്നില്ല. കണ്ണൂരിലേക്ക് പോകാന്‍ ടാക്‌സി ഒരുക്കിത്തരണമെന്നായി ജഡ്ജിയുടെ അടുത്ത ആവശ്യം. റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, അതിനിടെ ‘ജഡ്ജി’ക്ക് ഒരു നാക്കുപിഴ.

അതുവരെ ജഡ്ജിയെന്ന് പരിചയപ്പെടുത്തിയയാൾ അറിയാതെ ഡിവൈ എസ്.പിയാണെന്ന് പറഞ്ഞുപോയി. അപ്പോഴേക്കും പൊലീസിന് സംഗതി പിടികിട്ടി. അവർ ബാഗ് വിശദമായി പരിശോധിച്ചു. പൊലീസിന്റെ മൃദുഭാവം മാറി ദൃഢകൃത്യത്തിലേക്ക് നീങ്ങുമെന്നായതോടെ ജഡ്ജി സ്വയം വെളിപ്പെട്ടു. തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്ത് (43). രാത്രി മുഴുവൻ പൊലീസിനെ ചുറ്റിച്ച ‘ജഡ്ജി’ ചില്ലറക്കാരനല്ല. ഒമ്പതു കേസുകളിൽ പ്രതിയാണ്. ജഡ്ജി ചമഞ്ഞ് പൊലീസിനെ വട്ടംകറക്കിയ ഷംനാദിനെ പൊലീസ് അറസ്റ്റുചെയ്തു.

ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ കെ.പി. സതീഷ് ഉൾപ്പടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റു വല്ല ഉദ്ദേശ്യവുമുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - The youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.