നാടകപ്രതിഭ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

കോഴിക്കോട്​: പ്രമുഖ നാടകപ്രവർത്തകനും നടനും ജനകീയ സാംസ്കാ​രിക വേദി മുൻനിര പ്രവർത്തകനുമായ രാമച​ന്ദ്രൻ മൊകേരി (75) നിര്യാതനായി. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം ഞായറാഴ്​ച രാവിലെ 7.45ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

കെ.വി. ഗോവിന്ദന്‍റെയും ദേവകിയുടെയും മകനായി പാനൂർ മൊകേരിയിൽ 1947ലാണ് ജനനം. കാലിക്കറ്റ്​ സർവകലാശാലയുടെ കീഴിൽ തൃശൂരുള്ള സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു. തെണ്ടിക്കൂത്ത്​​ അടക്കം ജനകീയ പ്രതിഷേധമുയർത്തുന്ന നാടകങ്ങളുമായി തെരുവുകൾ കൈയടക്കിയ അദ്ദേഹം ഏകാംഗ നാടകത്തിന്‍റെയും തെരുവുനാടകത്തിന്‍റെയും പ്രയോക്താവായിരുന്നു. കൈക്കൂലി വാങ്ങിയ ഡോക്​ടറെ ജനകീയ വിചാരണ ചെയ്യുന്നതടക്കം ആനുകാലിക പ്രശ്നങ്ങളിലിടപെട്ടു.

അടിയന്തരാവസ്ഥ, ബാബരി മസ്​ജിദ്​ തകർക്കൽ, ഗുജറാത്ത്​ കലാപം, മാറാട്​ കലാപം, മുത്തങ്ങ പൊലീസ്​ ഇടപെടൽ, രോഹിത്​ വെമുല സംഭവം, എ​ൻഡോസൾഫാൻ തുടങ്ങിയ പ്രശ്നങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച്​ പലതിലും പൊലീസ്​ നടപടികൾക്കിരയായി. മദ്രാസ്​ ക്രിസ്ത്യൻ കോളജിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഷേക്സ്പിയറിന്‍റെ മാക്​ബത്തിൽ നടനായി അഭിനയജീവിതം തുടങ്ങി. അമ്മ, സ്പാർട്ടക്കസ്​, അരാജകവാദിയുടെ അപകട മരണം, കിങ്​ലയർ തുടങ്ങിയ നാടകങ്ങളിൽ മുഖ്യ വേഷമിട്ടു.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന്​ നാടക പ്രയോഗത്തിൽ ഡോക്ടറേറ്റ്​ നേടി. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പല ഭാഷകളിൽ നാടകമവതരിപ്പിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

ഷേക്സ്പിയർ നാടകങ്ങളിലാണ് ഗവേഷണ ബിരുദം നേടിയത്. ജോൺ എബ്രഹാമിന്‍റെ അമ്മ അറിയാൻ, രവീന്ദ്രൻ സംവിധാനം ചെയ്ത ഒരേ തൂവൽപക്ഷികൾ, ജയിംസ് ജോസഫിന്‍റെ ഗലീലിയൊ എന്നീ സിനിമകളിൽ അഭിനയിച്ചു. നടൻ നരേന്ദ്ര പ്രസാദിനൊപ്പം ഗലീലിയൊ നാടകത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിഹ്നഭിന്നം, തെണ്ടിക്കൂത്ത്, ഫ്രാഗ്മന്‍റോസ്​, നായ്ക്കളി എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

മൃതദേഹം കോഴിക്കോട്​ ടൗൺഹാളിൽ പൊതുദർശനത്തിന്​ ശേഷം ന്യൂമാഹി പെരിങ്ങാടിയിലുള്ള പള്ളിപ്രത്തെ നീലാംബരി വീട്ടുവളപ്പിൽ സംസ്​കരിച്ചു.​ ഭാര്യ: ഉഷ (റിട്ട. അധ്യാപിക). മക്കൾ: യു.ആർ. മനു (ഐ.ടി എൻജിനീയർ, സിംഗപ്പൂർ), ജോൺസ് (ബിസിനസ്).

Tags:    
News Summary - Theater artist Ramachandran Mokeri passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.