മലപ്പുറം: ജില്ലയിൽ വീണ്ടും മോഷണം വ്യാപകമാവുന്നു. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണം. ലഭ്യമായ വിവരങ്ങൾ പ്രകാരം ജില്ലയിൽ ആറുമാസത്തിനിടെ 425ലേറെ പവൻ സ്വർണം വീടുകളിൽനിന്ന് മാത്രം മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച പൂക്കോട്ടുപ്പാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്തുകയറി 42 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയുമാണ് കവർന്നത്.
വ്യാഴാഴ്ച ചങ്ങരംകുളം വളയംകുളത്ത് വീട് കുത്തിത്തുറന്ന് അഞ്ച് പവനും 30000 രൂപയും മോഷണം പോയി. കഴിഞ്ഞ ഏപ്രിലിൽ പൊന്നാനിയിലെ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ മോഷണം പോയതാണ് സമീപകാലത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കവർച്ച. ഇതിനുശേഷവും ജില്ലയിലെ വിവിധഭാഗങ്ങളിൽ മോഷണം തുടർകഥയാവുകയാണ്. ജൂലൈയിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് 26 പവനാണ് കള്ളന്മാർ കൊണ്ടുപോയത്.
അഞ്ച് മാസങ്ങൾക്ക് മുമ്പ് വള്ളിക്കുന്ന് അത്താണിക്കലിൽ ഡയമണ്ട് ഉൾപ്പടെ രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. സമാനരീതിയിൽ വഴിക്കടവിലും വീട് കുത്തിത്തുറന്ന് മോഷണം നടന്നു. മേയ് മാസത്തിൽ പെരിന്തൽമണ്ണ കുന്നപ്പള്ളി ഭാഗത്തെ വീടുകളിൽ നടത്തിയ മോഷണത്തിൽ ഒരു വീട്ടിൽനിന്ന് സ്വർണാഭരണവും മറ്റൊരു വീട്ടിൽനിന്ന് വിദേശ കറൻസികളടങ്ങിയ പണവും വാച്ചും മോഷണം പോയി.
വളാഞ്ചേരി ഇരിമ്പിളിയത്തെയും പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെയും മോഷണത്തിൽ പ്രതികളെ പൊലീസ് വലയിലാക്കി. അതേസമയം ഭൂരിഭാഗം മോഷണക്കേസുകളിലും അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. പൊന്നാനിയിലെ 350 പവൻ സ്വർണക്കവർച്ച മാസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് തുമ്പുണ്ടാക്കനായിട്ടില്ലെന്ന വിമർശനമുണ്ട്.
സി.സി.ടി.വി ഇല്ലാത്ത വീടുകൾ നോക്കിയും അയൽപക്കത്ത് ജനവാസം കുറഞ്ഞ വീടുകളുമെല്ലാം നോക്കിവെച്ചാണ് പല മോഷണങ്ങളും നടക്കുന്നത്. അടുത്ത് കല്ല്യാണം കഴിഞ്ഞ വീടുകളും വീട്ടുക്കാർ പുറത്തു പോയ വിവരവുമെല്ലാം അറിഞ്ഞാണ് കവർച്ചക്കായി എത്തുന്നത്. ചിലവീടുകളിൽ മോഷണത്തിനായി കൊണ്ടുവന്ന ആയുധങ്ങൾ ഉപേക്ഷിച്ചാണ് മടങ്ങിയത്. മോഷണക്കേസുകൾ കൂടിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.