തൊടുപുഴ: 14 വർഷം മുമ്പ് തേക്കടിയിൽ നടന്ന ബോട്ട് ദുരന്തം ഇന്നും കേരളത്തിന്റെ നടുക്കമായി ശേഷിക്കുമ്പോൾ കേസിൽ വിചാരണ ആരംഭിക്കാനോ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ ദുരന്തത്തിന് പിന്നാലെയും അധികൃതർ പ്രഖ്യാപിക്കുന്ന നടപടികളും അന്വേഷണവും പിന്നീട് പ്രഹസനമാകുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ കേസും.
2009 സെപ്റ്റംബർ 30നാണ് കെ.ടി.ഡി.സിയുടെ ഇരുനില ബോട്ട് ‘ജലകന്യക’ തേക്കടി തടാകത്തിൽ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 82 വിനോദസഞ്ചാരികളിൽ ഏഴ് കുട്ടികളും 23 സ്ത്രീകളുമടക്കം 45 പേർ മരിച്ചു. ആന്ധ്ര, ഹരിയാന, തമിഴ്നാട്, ന്യൂഡൽഹി, പശ്ചിമബംഗാൾ, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മരിച്ചത്. സർവിസ് ആരംഭിച്ച് 45ാം ദിവസമായിരുന്നു അപകടം. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനും എസ്.പി പി.എ. വത്സന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചും ദുരന്തത്തെക്കുറിച്ച് അന്വേഷിച്ചു. മൊയ്തീൻകുഞ്ഞ് കമീഷൻ 2011ആഗസ്റ്റ് 25ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ടൂറിസം വകുപ്പ് എം.ഡി, ഡയറക്ടർ, ഡെപ്യൂട്ടി മെക്കാനിക്കൽ എൻജിനീയർ, ബോട്ട് ഡിസൈനർ, ഡ്രൈവർ, ലാസ്കർ, സൂപ്പർവൈസർ ചീഫ് ഇൻസ്പെക്ടർ ഓഫ് ബോട്ട്സ് എന്നിവർ കുറ്റക്കാരാണെന്നായിരുന്നു കമീഷൻ കണ്ടെത്തൽ. ബോട്ട് നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതുമുതൽ നീറ്റിലിറക്കുന്നതുവരെ 22 വീഴ്ചകൾ സംഭവിച്ചതായി 235 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ബോട്ട് തേക്കടിയിൽ എത്തിച്ച ശേഷം അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തിയതും നിലവാരം പരിശോധിക്കാതെ നീറ്റിലിറക്കിയതും മുകൾ നിലയിൽ അധികമായി ആളുകളെ കുത്തിനിറച്ചതും ദുരന്തത്തിന് കാരണമായി. എസ്.പി വത്സൻ സമർപ്പിച്ച ആദ്യ കുറ്റപത്രം കോടതി തള്ളി. കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതിൽ സംശയം പ്രകടിപ്പിച്ച കോടതി, തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.