കോട്ടക്കല്‍: പുതിയ വീട്ടില്‍ രണ്ടാമത്തെ മകളുടെ കല്യാണം. അതായിരുന്നു ഒഴൂര്‍ കരിങ്കപ്പാറയിലെ ആശാരിവളപ്പില്‍ ചാത്തുക്കുട്ടിയുടെ സ്വപ്നം. എന്നാല്‍, നിക്ഷേപിച്ച തുക തെന്നല സര്‍വിസ് സഹകരണ ബാങ്ക് നല്‍കിയില്ല. ഇതോടെ മകളുടെ കല്യാണം മുടങ്ങി. വീടുപണിയും അവതാളത്തിലായി. കിട്ടാനുള്ള പണത്തിനായി ബാങ്ക് കയറിയിറങ്ങുകയാണ് നിത്യരോഗിയായ ചാത്തുക്കുട്ടി.
2019 മാർച്ച് 31നാണ് വാസ്തുശിൽപിയായ ഇദ്ദേഹം ഭൂമി വിറ്റും തൊഴിൽ ചെയ്തും കൈവശമുണ്ടായിരുന്ന 14 ലക്ഷത്തിലധികം രൂപ ബാങ്കിൽ അടച്ചത്. പണം പിൻവലിക്കാനുള്ള എളുപ്പത്തിന് വിവിധ ബോണ്ടുകളിലായിരുന്നു നിക്ഷേപം. ഒരു ലക്ഷം രൂപയുടെ നാല് ചിട്ടികൾ വഴി ലഭിച്ച പണവും നിക്ഷേപിച്ചു. ആദ്യം ബോണ്ടിന്റെ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പുതുതായി വാങ്ങിയ ഏഴു സെന്റോളം ഭൂമിയിൽ വീട് നിർമാണത്തിന് തുടക്കമിട്ടു. പിന്നീട് ഓരോ ആവശ്യങ്ങൾക്ക് പണത്തിന് ചെല്ലുമ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ദിവസവും രാവിലെ ബാങ്കിലെത്തി വെറും കൈയോടെ തിരിച്ചുപോകും.
ഇതിനിടെ മകൾക്ക് വിവാഹാലോചന വന്നുതുടങ്ങിയതോടെ ആധിയായി. ആഗസ്റ്റ് അവസാന വാരത്തിൽ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു നിക്ഷേപകനൊപ്പം ബാങ്കിലെത്തി. പണം കിട്ടാതെ തിരിച്ചുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ഭരണസമിതി യോഗം ചേർന്നു. അഞ്ചു ലക്ഷം രൂപ നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, പ്രതീക്ഷകൾ രാവുണർന്നപ്പോൾ ഇല്ലാതെയായി. ബാങ്കിലെത്തിയപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമായിരുന്നു.
ഈ ദിവസമായിരുന്നു മകളെ കാണാൻ വന്ന കുടുംബത്തിന് ഉറപ്പുനൽകേണ്ടിയിരുന്നത്. ബാങ്കിൽനിന്ന് ലഭിക്കുന്ന പണം ലഭിക്കാതായതോടെ വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ചാത്തുക്കുട്ടി പറയുന്നു. ഏഴു ലക്ഷത്തോളം രൂപയാണ് ഇനിയും കിട്ടാനുള്ളത്.
ചെറുതും വലുതുമായ തുകകൾ ബാങ്കിൽ നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപകർ തീരാസങ്കടത്തിലാണ്. സ്വന്തം പണം ബാങ്കിൽ ഉണ്ടായിട്ടും വീട്ടിലെ അടിയന്തര കാര്യങ്ങൾക്ക് കടം വാങ്ങിയും പലിശക്കെടുത്തും ചെലവഴിക്കേണ്ട സ്ഥിതിയാണ് പലർക്കും. ഈയൊരു സാഹചര്യത്തിൽ നിക്ഷേപകരുടെ കൂട്ടായ്മ രൂപവത്കരിച്ച് നിയമ നടപടികളിലേക്ക് നീങ്ങുകയാണ് ചാത്തുക്കുട്ടി അടക്കമുള്ളവർ. കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിൽ എം.പി. ഹരിദാസനെ ചെയർമാനാക്കി 13 അംഗ കമ്മിറ്റി രൂപവത്കരിച്ചു. സെക്രട്ടറിയെ കണ്ട് രേഖകൾ ശേഖരിക്കുക, തന്നില്ലെന്നിൽ ജോയന്റ് രജിസ്ട്രാറെ സമീപിക്കുക, ലീഗ് നേതൃത്വം നൽകുന്ന ഭരണസമിതിയെ കണ്ട് കാര്യങ്ങൾ ചോദിച്ചറിയുക തുടങ്ങിയവയാണ് തീരുമാനങ്ങൾ.
പണം നഷ്ടപ്പെട്ട സ്ത്രീകളടക്കം നിരവധി പേർ സംഗമത്തിനെത്തി. സയിദലി മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ തയ്യിൽ അലവി, മച്ചിങ്ങല്‍ അബ്ദുറഹിമാന്, അഡ്വ. സി. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.