തിരുവനന്തപുരം: കെ-സ്മാർട്ടിന്റെ പേരിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകളിൽ പരിഹാരം വൈകുന്നതിന് പിന്നാലെ, പെർമിറ്റിന് അപേക്ഷിക്കാൻ ലൈസൻസികളില്ലാത്ത അവസ്ഥ. കാലാവധി കഴിഞ്ഞ് ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകി ആറുമാസത്തിലേറെയായി കാത്തിരിക്കുകയാണ് ലൈസൻസികൾ. ഇതുമൂലം വിവിധ ജില്ല ജോയന്റ് ഡയറക്ടർ ഓഫിസുകളിൽ 27,000 അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
2021ഏപ്രിൽ ഒന്നിനും അതിനുശേഷവും ലൈസൻസ് കാലാവധി അവസാനിച്ചവർക്ക് നവംബർ 30വരെ സർക്കാർ നീട്ടി ഉത്തരവായിരുന്നു. നീട്ടിയ ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞു. ഇപ്പോഴും ലൈസൻസ് പുതുക്കലിൽ പുരോഗതിയില്ല. 3000 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾക്കാണ് ഉടമയും അംഗീകൃത ലൈസൻസിയും നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ 30 സെക്കൻഡിനുള്ളിൽ പെർമിറ്റ് നൽകുന്നത്. ഇതിന് ലൈസൻസികൾ തദ്ദേശവകുപ്പിൽ എംപാനൽ ചെയ്യണം.
ലൈസൻസുള്ളവർക്കേ, ഫീസടച്ച് എംപാനൽ ചെയ്യാനാകൂ. ലൈസൻസ് പുതുക്കി നൽകാത്തതിനാൽ എംപാനൽ ചെയ്യാനോ കെ-സ്മാർട്ടിലൂടെ അപേക്ഷ നൽകാനോ ലൈസൻസികൾക്ക് കഴിയില്ല. ലൈസൻസികളില്ലാതെ കെട്ടിട ഉടമകൾക്ക് മാത്രമായി അപേക്ഷ നൽകാനുമാകില്ല. കെ-സ്മാർട്ട് ജനുവരി ഒന്നിന് പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും നടപ്പായില്ല. കെ-സ്മാർട്ട് ഉടൻ വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൾ മാറ്റിവെച്ചിരിക്കുന്നതത്രെ.
നേരത്തെ കൊല്ലം, കൊച്ചി, കോഴിക്കോട് റീജനൽ ജോയന്റ് ഡയറക്ടർമാരുടെ ഓഫിസുകളിലാണ് അപേക്ഷകൾ തീർപ്പാക്കിയിരുന്നത്. ഏകീകൃത തദ്ദേശ വകുപ്പ് നിലവിൽ വന്നതോടെ അതത് ജില്ലയിലെ ജോയന്റ് ഡയറക്ടർക്കായി ചുമതല. ലൈസൻസ് പുതുക്കാൻ മതിയായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ജില്ല ഓഫിസുകളിലില്ലാത്തതും പ്രതിസന്ധിയായി. കെ-സ്മാർട്ട് വന്നാൽ ലൈസൻസികളുടെ പുതുക്കലിന് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകേണ്ടിവരും. കാലാവധി കഴിഞ്ഞ ലൈസൻസികളുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണെന്ന് ഓൾ കേരള ബിൾഡിങ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.