തൃശൂർ: ‘മറക്കില്ല മണിപ്പൂർ’ എന്ന തൃശൂർ അതിരൂപതയുടെ വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ല. സഭക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇതിനു പിന്നിൽ ആരാണെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ കത്തോലിക്കാ അതിരൂപതയുടെ മുഖപത്രത്തിലാണ് ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും കടന്നാക്രമിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ‘‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’’ എന്നായിരുന്നു നടന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ തൃശൂരിൽ കത്തോലിക്കാസഭക്ക് കീഴിലുള്ള കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു ലേഖനം.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നും തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നുമായിരുന്നു ലേഖനത്തിലെ പരാമർശം. തെരഞ്ഞെടുപ്പിനു മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും കത്തോലിക്കാസഭയിലൂടെ അതിരൂപത മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.