അണികൾക്കടക്കം ആത്മവിശ്വാസമില്ല, സി.പി.ഐക്ക് പത്തിൽ താഴെ സീറ്റെന്ന്​; എൽ.ഡി.എഫിൽ ആശങ്ക

കൊച്ചി: തുടർ ഭരണം ഉറപ്പാണെന്ന് ആശ്വസിക്കുമ്പോഴും സി.പി.ഐക്ക് പത്തിൽ താഴെ സീറ്റിലെ വിജയസാധ്യതയുള്ളൂവെന്ന രാഷ്​ട്രീയ നിരീക്ഷകരുടെ വിലയിരുത്തലിൽ എൽ.ഡി.എഫിൽ ആശങ്ക. 25 സീറ്റിൽ മത്സരിച്ചതിൽ 17 വരെ ലഭിക്കാമെന്ന് സി.പി.ഐ വിലയിരുത്തിയിട്ടും പാർട്ടി അണികൾക്കടക്കം ആത്മവിശ്വാസമില്ല.

മുന്നണിയിൽ സി.പി.ഐ- കേരള കോൺഗ്രസ് (ജോസ്) പാർട്ടികൾ തമ്മിലെ ഏറ്റുമുട്ടലും കാലുവാരലും തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അവർ കരുതുന്നു. അതുപോലെ കാനം രാജേന്ദ്രൻ-കെ.ഇ. ഇസ്മയിൽ ഗ്രൂപ് പോരും സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളും തിരിച്ചടിയാകാം. വി.എസ്. സുനിൽകുമാർ ഒഴികെയുള്ള മന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടി പ്രവർത്തകർക്ക് മികച്ച അഭിപ്രായവുമില്ല.

തിരുവനന്തപുരത്തെ നെടുമങ്ങാട് സി.പി.ഐയുടെ ഉറച്ച സീറ്റായിരുന്നു. സിറ്റിങ് എം.എൽ.എ സി. ദിവാകരനെ ഒഴിവാക്കി ജില്ല സെക്രട്ടറി ജി.ആർ. അനിലിനെ സ്ഥാനാർഥിയാക്കിയതിൽ വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. സി.പി.ഐ ചുവപ്പ് കോട്ടയാണ് ചിറയിൻകീഴ്. എന്നാൽ, കോൺഗ്രസ് ഇത്തവണ യുവ സ്ഥാനാർഥിയെ ഇറക്കിയതോടെ അവിടെയും കാലിടറി. കൊല്ലം ജില്ലയിലെ പുനലൂർ, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരവും ബലാബലത്തിലായി.

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധം പൂർണമായും കെട്ടടങ്ങിയിരുന്നില്ല. പുനലൂരിലെ മന്ത്രി രാജുവിെൻറ മോശമായ പ്രകടനം സുപാലിെൻറ വിജയത്തെ ബാധിക്കും. തൃശൂരാണ്​ സി.പി.ഐ മികച്ച നേട്ടം കൊയ്യേണ്ടിയിരുന്ന മറ്റൊരു ജില്ല. എന്നാൽ, അവിടെ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ.

കൈപ്പമംഗലം, തൃശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമായിരുന്നു. ഇവിടങ്ങളിൽ ഇപ്പോഴും സി.പി.ഐക്ക് വിജയം ഉറപ്പില്ല. ആലപ്പുഴയിലെ ചേർത്തലയും ഇടുക്കിയിലെ പീരുമേടും എറണാകുളത്തെ മൂവാറ്റുപുഴയും കടുത്ത വെല്ലുവിളി നേരിട്ടു. പീരുമേട്ടിൽ സിറ്റിങ് എം.എൽ.എ ബിജിമോൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് തിരിച്ചടിയാകും.

സി.പി.ഐക്കും കേരള കോൺഗ്രസ് ജോസ്​ വിഭാഗത്തിനും സീറ്റ് കുറയുന്നത് എൽ.ഡി.എഫി​െൻറ തുടർ ഭരണത്തെ തടയുമെന്നാണ് ആശങ്ക. എൽ.ഡി.എഫിലെ രണ്ടാംകക്ഷിയാകാനുള്ള സി.പി.ഐ- ജോസ് വിഭാഗങ്ങളുടെ കിടമത്സരത്തിൽ മുന്നണിയുടെ വിജയത്തിന് തിരിച്ചടിയായോയെന്നാണ്​ അറിയാനിരിക്കുന്നത്​.

Tags:    
News Summary - There is no confidence among the ranks that the CPI has less than ten seats; Concern in the LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.