ആലപ്പുഴ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ലെന്ന് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. സഹകരണ വകുപ്പ് കൈകാര്യം ചെയ്തയാൾ എന്ന നിലക്ക് തനിക്കത് മനസ്സിലാകുമെന്ന് അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. അവിടെ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്നത് വസ്തുതയാണ്.
ആ കുഴപ്പങ്ങളിൽ മൊയ്തീനാണോ രാജീവാണോയെന്ന് താൻ ഏങ്ങനെ പറയും. ഒരു ബന്ധവുമില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കിക്കഴിഞ്ഞു. ഇ.ഡി ചോദ്യംചെയ്ത മുൻമന്ത്രി എ.സി. മൊയ്തീനും നിഷേധിച്ചിരിക്കുകയാണ്. ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർ വ്യത്യസ്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ പാർട്ടിയുടെ നിലനിൽപുതന്നെ എന്താകും. ഇ.ഡി അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ട്. കുറ്റമുണ്ടെന്ന് കണ്ടാൽ ശരിയായ നിലയിൽ അന്വേഷിച്ച് ശരിയായ തലത്തിൽ നിലപാടെടുക്കട്ടെ. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇ.ഡി അന്വേഷിച്ചിട്ടില്ല. എം.ടിയുടെയും എം. മുകുന്ദന്റെയും വിമർശനം ഏങ്ങുംതൊടാത്തതാണ്. അവർ ആരെയും ഉന്നംവെക്കാത്തതിനാൽ എതിർക്കേണ്ട കാര്യമല്ല. എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തുവന്നത് ഒരു മന്ത്രിയാണ്. ഏത് ചെറിയാനാണെങ്കിലും അങ്ങനെ പറയാമോയെന്നും സുധാകരൻ ചോദിച്ചു.
പത്തനംതിട്ട: മുന്‍ മന്ത്രി കെ.കെ. ശൈലജക്കെതിരെ ഒളിയമ്പെയ്തും എം.ടി. വാസുദേവൻ നായർക്കെതിരായ വിമർശനത്തിൽ മലക്കംമറിഞ്ഞും മുൻ മന്ത്രി ജി. സുധാകരൻ. എം.ടി പഠിപ്പിക്കാൻ വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഒളിഞ്ഞുനിന്ന് താൻ അഭിപ്രായം പറയില്ലെന്നുമാണ് സുധാകരൻ വ്യക്തമാക്കിയത്. തിരുവല്ലയിൽ മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പുസ്തകപ്രകാശനച്ചടങ്ങിലാണ് സുധാകരന്റെ പുതിയ വിമർശനവും നിലപാട് മാറ്റവും.
പുസ്തകം പ്രകാശനംചെയ്ത പ്രതിപക്ഷ നേതാവിന്റെ നിയമസഭ പ്രസംഗങ്ങളെ പ്രശംസിക്കാനും തയാറായ സുധാകരനെ, പുതുശ്ശേരിയുടെ പുസ്തകത്തിൽ പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ.കെ. ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപിപ്പിച്ചത്. ആരാണ് ടീച്ചറമ്മ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ഒരമ്മക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതി.
ഒരു പ്രത്യേക ആൾ മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ല. കഴിവുള്ള ഒരുപാടുപേർ കേരളത്തിൽ മന്ത്രിമാരായിട്ടില്ല. പലരും പലതരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്.
നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. മന്ത്രിയാകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടത്.
കേരളത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വളർന്നുവരുന്നു. കൃഷിമന്ത്രിമാർ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാൽ, വാക്കുകൾ പ്രാവർത്തികമാക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.