കെ.പി.സി.സി നൽകിയ പട്ടികയിൽ നിന്ന് തന്‍റെ പേര് ഹൈക്കമാൻഡ് വെട്ടിയതാകാം -എ.പി. ഗോപിനാഥ്

പാലക്കാട്: കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതിൽ ദുഃഖമില്ലെന്നും തീരുമാനം പിൻവലിക്കില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു. കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കെ.പി.സി.സി നൽകിയ പട്ടികയിൽ നിന്ന് തന്‍റെ പേര് ഹൈക്കമാൻഡ് വെട്ടിയതാകാനും സാധ്യതയുണ്ട്. കോൺഗ്രസ് നേതൃത്വം താനുമായി ഗൗരവമായ ചർച്ച നടത്തിയില്ല. തന്നെ ബോധപൂർവം ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന് കരുതുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.

പാലക്കാട് ഡി.സി.സി നേതൃത്വം തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. അവരെ താൻ എതിർത്തിട്ടില്ല. തന്‍റെ തീരുമാനത്തിനൊപ്പം നിൽക്കണമെന്ന് ഒരു കോൺഗ്രസ് പ്രവർത്തകനോടും പറഞ്ഞിട്ടില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.

പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതിനാൽ കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയം അന്വേഷിക്കാൻ താൽപര്യമില്ല. സോണിയ ഗാന്ധിയെ ബഹുമാനിക്കുന്ന ആളാണ്. തന്‍റെ രാജി സ്വീകരിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞതായി അറിയില്ല. സുധാകരനുമായുള്ള വ്യക്തിബന്ധത്തിന് തടസമുണ്ടാകാൻ സാധ്യതയില്ലെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.

ഡി.സി.സി പുനഃസംഘടനയിൽ തന്നെ തഴഞ്ഞെന്ന് ആരോപിച്ചാണ് കഴിഞ്ഞ ആഗസ്റ്റിൽ എ.വി. ഗോപിനാഥ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസിന്‍റെ മുന്നോട്ടുള്ള യാത്രക്ക് താൻ ഒരു തടസമാണെന്ന് തോന്നുന്നതിനാൽ രാജിവെക്കുന്നുവെന്നാണ് ഗോപിനാഥ് വ്യക്തമാക്കിയത്.

Tags:    
News Summary - There is no regret in resignation from Congress -AP Gopinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.