കോട്ടയം: 15ാം കേരള നിയമസഭയിലെത്തുന്ന വനിതകളുടെ എണ്ണം പതിനൊന്നിലൊതുങ്ങിയത് അഭിമാനിക്കാൻ വകയുള്ളതല്ലെങ്കിലും രാഷ്ട്രീയ വഴിത്താരയിൽ നാളെയിലേക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ഇവർ. നാല് സിറ്റിങ് എം.എൽ.എമാർക്കൊപ്പം ഏഴ് പുതുമുഖങ്ങളാണ് കന്നിയങ്കത്തിൽ ജയിച്ച് എത്തുന്നത്. നിയമസഭയിലേക്ക് ആദ്യകാൽവെപ്പാണെങ്കിലും രാഷ്ട്രീയത്തിൽ തഴക്കം വന്നവരാണ് ഇവരെല്ലാം. കനത്ത ഭൂരിപക്ഷം നേടിയും മുതിർന്ന നേതാക്കളെ തോൽപിച്ചും മികച്ച മത്സരം കാഴ്ചവെച്ചുമാണ് ഓരോരുത്തരും തങ്ങളുടെ സ്ഥാനം നേടിയെടുത്തത്.
കേരളത്തിെൻറ ദുരിതകാലങ്ങളിലെല്ലാം ഏറ്റവുമധികം ഉയർന്നുകേട്ട പേരായിരുന്നു കെ.കെ. ശൈലജയുടേത്. കേരളത്തിെൻറ വനിത മുഖ്യമന്ത്രി എന്ന ചർച്ചക്ക് തുടക്കമിട്ടതും ജനങ്ങൾക്കൊപ്പം നിന്നുള്ള ഇവരുടെ പ്രവർത്തനങ്ങളായിരുന്നു. ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയെ പിന്നിലാക്കിയാണ് മുൻ ആരോഗ്യമന്ത്രി ശൈലജ മട്ടന്നൂരിൽ റെക്കോഡ് വിജയം നേടിയത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ശിവപുരം ഹൈസ്കൂളിൽ ശാസ്ത്രാധ്യാപികയായിരുന്നു. അധ്യാപകനായിരുന്ന കെ. ഭാസ്കരനാണ് ഭർത്താവ്. രണ്ട് മക്കൾ.
2005ൽ തൃശൂർ കോർപറേഷൻ മേയർ ആയിരുന്നു. കേരള വർമ കോളജിലെ ഇംഗ്ലീഷ് അധ്യാപികയായ ബിന്ദുവിലൂടെ ഇരിങ്ങാലക്കുടക്ക് ആദ്യമായാണ് വനിത എം.എൽ.എയെ കിട്ടുന്നത്. ഇരിങ്ങാലക്കുടയിലെ പാർട്ടി കുടുംബത്തിലാണ് ജനനം. ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് അംഗമായ ബിന്ദു എം.ഫിൽ പിഎച്ച്.ഡി ബിരുദധാരിയാണ്. സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് ഭർത്താവ്. മകൻ ഹരികൃഷ്ണൻ അഭിഭാഷകനാണ്.
ടെലിവിഷൻ മാധ്യമരംഗത്തുനിന്നാണ് വീണാ ജോർജ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2016ൽ ആറന്മുള മണ്ഡലത്തിൽനിന്ന് ജയിച്ച് എം.എൽ.എയായി. 7646 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. രണ്ടാംതവണ ഭൂരിപക്ഷം 13,853 ആക്കി വർധിപ്പിച്ച് എം.എൽ.എ പദവി അരക്കിട്ടുറപ്പിച്ചു. ഫിസിക്സിൽ ബിരുദാനന്തര ബിരുദധാരി. പത്തനംതിട്ട കുമ്പഴ വടക്ക് സ്വദേശിനി. ജോർജ് ജോസഫ് ആണ് ഭർത്താവ്. രണ്ട് മക്കൾ.
പ്രതിഭക്ക് നിയമസഭയിലിത് രണ്ടാമൂഴമാണ്. പാർട്ടിയിലെ പ്രതിഷേധങ്ങൾ പ്രതിസന്ധിയുയർത്തിയെങ്കിലും കായംകുളത്ത് കോൺഗ്രസിെൻറ വനിത സ്ഥാനാർഥി അരിത ബാബുവിനെ തോൽപിച്ച് പ്രതിഭ വിജയമുറപ്പിച്ചു. സി.പി.എം തകഴി ഏരിയ കമ്മിറ്റി അംഗമായ പ്രതിഭ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഈ അഭിഭാഷക. ഒരു മകനുണ്ട്.
കോൺഗ്രസിെൻറ ശക്തയായ സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായിരുന്ന ഷാനിമോൾ ഉസ്മാനെ തോൽപിച്ചാണ് പിന്നണിഗായിക കൂടിയായ ദലീമ ജോജോ പാട്ടും പാടി നിയമസഭയിലെത്തുന്നത്. 2015ൽ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ച് ജയിച്ചത്. 2020ൽ ആലപ്പുഴ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ആലപ്പുഴ കരുമാഞ്ചേരി സ്വദേശിനിയാണ്. ജോർജ് ജോസഫ് ആണ് ഭർത്താവ്. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്ത അരൂർ ഇത്തവണ തിരിച്ചുപിടിച്ചു ദലീമ.
നിയമസഭയിലേക്കുള്ള കന്നിപ്പോരാട്ടമാണ്. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ചടയമംഗലത്ത് വൻപ്രതിഷേധങ്ങൾ അരേങ്ങറിയിരുന്നെങ്കിലും അതെല്ലാം വിജയത്തോടെ നിഷ്പ്രഭമായി. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും പൗള്‍ട്രി െഡവലപ്മെൻറ് കോര്പറേഷന് ചെയര്‍പേഴ്സനുമാണ്. പഞ്ചായത്ത്, ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശനാണ് ഭർത്താവ്.
വൈക്കത്ത് രണ്ടാമങ്കം വിജയിക്കുക മാത്രമല്ല, ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും കൈപ്പിടിയിലാക്കി സി.പി.ഐയുടെ സി.കെ. ആശ. ജില്ലയിലെ ഏക വനിത എം.എൽ.എയുമാണിവർ. വൈക്കം വെച്ചൂർ സ്വദേശിയായ ആശ എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. എക്കണോമിക്സ് ബിരുദധാരിയുമാണ്. കെ.ആർ. രാജേഷാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.
കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറായ കാനത്തിൽ ജമീല നിയമസഭയിലേക്കുള്ള കന്നിേപ്പാരാട്ടത്തിൽതന്നെ കൊയിലാണ്ടി നിലനിർത്തി. ജനാധിപത്യ മഹിള അസോസിയേഷന് ജില്ല പ്രസിഡൻറും സംസ്ഥാന ജോയൻറ് സെക്രട്ടറിയുമാണ്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവികളും വഹിച്ചു. ജില്ല പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്നാണ് ജയിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്.
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ആറ്റിങ്ങലിൽ ഒ.എസ്. അംബിക കന്നിയങ്കത്തിന് തിളക്കമേറ്റിയത്. 31,636 വോട്ടിെൻറ ഭൂരിപക്ഷം നേടി ഇവർ. രണ്ടുതവണ മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. നിലവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമാണ്. ജില്ലയിലെ ഏക വനിത എം.എൽ.എയുമാണിവർ.
എല്‍.ഡി.എഫ് കളത്തിലിറക്കിയ പുതുമുഖമായ കെ. ശാന്തകുമാരി 3214 വോട്ടിനാണ് കോങ്ങാട് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറായ കെ. ശാന്തകുമാരിയുടേത് ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. മൂന്നുതവണ പാലക്കാട് ജില്ല പഞ്ചായത്ത് അംഗവും ഒരു വട്ടം ജില്ല പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. പാലക്കാട് കോടതിയിലെ അഭിഭാഷകയാണ്.
ഇത്തവണ നിയമസഭയിൽ പ്രതിപക്ഷത്തിരിക്കാൻ ഒറ്റ വനിതയേയുള്ളൂ. ആർ.എം.പി നേതാവായ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ. രമ.
അതും ചരിത്രമാണ്. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടാൻ പിണറായി വിജയന് മുന്നിൽ അവർക്കിടം കിട്ടിയത് കാലത്തിെൻറ കാവ്യനീതിയാണ്. പാർട്ടി കുടുംബാംഗമായ രമ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. സി.പി.എമ്മിെൻറ മനയത്ത് ചന്ദ്രനെയാണ് ഇവർ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.