വടകര: യമനില്‍ ഹൂതി വിമതരുടെ തടങ്കലില്‍നിന്ന് 10 മാസത്തിനുശേഷം മോചിതരായ വടകര കുരിയാടിയിലെ ടി.കെ. പ്രവീണും തിരുവനന്തപുരം സ്വദേശി മുസ്തഫയുമടക്കുള്ള ഇന്ത്യക്കാർ നാട്ടിലെത്തി. ദുബൈയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് മുംബൈയിലെത്തിയശേഷം രാത്രി 11ന് പ്രവീണും മുസ്തഫയും കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി. രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിലുള്ള 12 പേര് മുംബൈയില്‍നിന്ന് അവരവരുടെ നാട്ടിലേക്ക് യാത്രയായി. നാട്ടിലെത്തിയതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്നും രണ്ടാം ജന്മമായാണ് തോന്നുന്നതെന്നും ഇരുവരും പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് 14 അംഗം സംഘം യമനിലെ ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബൈയിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ വസ്ത്രങ്ങള്‍ അടങ്ങിയ ലഗേജ് ലഭിക്കുന്നതില്‍ തടസ്സം നേരിട്ടു. പാസ്പോര്‍ട്ടും പണവും ഹൂതി വിമതര്‍ തട്ടിയെടുത്തതിനാല്‍ ഇവരുടെ കൈവശം പണം ഉണ്ടായിരുന്നില്ല.
മോചനത്തിന് ശ്രമിച്ച പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ഹെഡ് സുധീര്‍ തിരുനിലത്തും വേണു ചെമ്മരത്തൂരും ചേര്‍ന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിൻെറ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയതിനുപിന്നാലെ എംബസി അധികൃതര്‍ ഇടപെടുകയും തടസ്സം നീക്കുകയുമായിരുന്നു. ഇവരുടെ ചെലവ് എംബസി വഹിച്ചു. മുംബൈയിലെ ഒരു ട്രസ്റ്റ് സംഘത്തിലെ ഓരോരുത്തര്‍ക്കും 20,000 രൂപ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. എല്ലാവര്ക്കും ജോലി ചെയ്ത കമ്പനിയില്‍നിന്നു 10 മാസത്തെ ശമ്പളമെങ്കിലും കിട്ടാനുണ്ട്.
മുസ്തഫയുടെ സഹോദരന് വാഹിദ് വാഹനവുമായി തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇവരോടൊപ്പമാണ് പ്രവീണ്‍ വടകരയിലേക്കു മടങ്ങിയത്. പുലർച്ച രണ്ടിന് പ്രവീണിനെ കുരിയാടിയിലെ വീട്ടിലാക്കിയശേഷം മുസ്തഫയും സഹോദരനും തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നു. ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന ഭാര്യ അമൃതയും മകന് പ്രണവും സന്തോഷക്കണ്ണീരോടെ പ്രവീണിനെ വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.