തിരുവല്ല: ആശുപത്രിയിൽ ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഇരയാക്കപ്പെട്ട യുവതിയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹ(24)യുടെ ഭർത്താവ് അരുണിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തായ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ(30)യാണ് സ്നേഹയെ വായു കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അനുഷയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ മരുമകന്‍ അരുണിനെ സംശയമില്ലെന്ന് സ്‌നേഹയുടെ അച്ഛൻ സുരേഷ് പറഞ്ഞു. 95 ശതമാനവും അവൻ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘മരുമകനെ സംശയമില്ല. അവന്‍ അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന്‍ വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ’ -സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം മരുമകന്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എനിക്ക് ഒന്നും തോന്നിയിട്ടില്ല. ഒരുസ്ത്രീ ഒറ്റയ്ക്ക് ഇത് ചെയ്യില്ല. പ്രതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരേലും കാണും. അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണം -അദ്ദേഹം പറഞ്ഞു.
'ഭാര്യ വേസ്റ്റ് ഇടാന്‍ പോയപ്പോഴാണ് അവര്‍ അകത്തുകയറിയത്. ആദ്യം ഒന്ന് കുത്തി, രണ്ടുകുത്തി. മൂന്നാമതും കുത്താന്‍ശ്രമിച്ചപ്പോളാണ് മകള്‍ക്ക് സംശയം തോന്നി ചോദിച്ചത്. ഇതുവരെ കാണാത്ത ആളാണല്ലോ എന്ന് ചോദിച്ചപ്പോൾ താന്‍ രണ്ടുദിവസം ലീവായിരുന്നുവെന്നും ലീവ് കഴിഞ്ഞ് ഇന്നാണ് വന്നതെന്നുമായിരുന്നു അവരുടെ മറുപടി. ഇത് എന്തിനുള്ള കുത്തിവെപ്പാണെന്ന് ചോദിച്ചപ്പോള്‍ പ്രസവം കഴിഞ്ഞവര്‍ക്ക് സാധാരണ എടുക്കുന്നതാണെന്നും പറഞ്ഞു. ഇതോടെ മകള്‍ അമ്മയെ വിളിച്ച് അവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കണമെന്നും സംശയമുണ്ടെന്നും പറഞ്ഞു. നോക്കിയപ്പോള്‍ യുവതി ലിഫ്റ്റിലേക്ക് പോകുന്നത് കണ്ടു. ഉടന്‍ നഴ്‌സിങ് റൂമില്‍ പറഞ്ഞു. അവരാണ് പിടികൂടിയത്. അനുഷയെ എനിക്ക് പരിചയമില്ല. മരുമകന്റെ സുഹൃത്തിന്റെ അനുജത്തിയാണ് പെണ്‍കുട്ടി. സ്‌നേഹയെ വന്ന് കാണട്ടെയെന്ന് അവള്‍ മരുമകനെ വിളിച്ച് ചോദിച്ചെന്നും വന്നുകാണാന്‍ പറഞ്ഞെന്നുമാണ് മരുമകന്‍ പറഞ്ഞത്. സ്‌നേഹയും അനുഷയും പരിചയമില്ല. രണ്ടാംവിവാഹത്തിന് മരുമകന്‍ പറഞ്ഞതനുസരിച്ച് സ്‌നേഹയും സഹോദരനും പോയിരുന്നു. അവര്‍ക്ക് സമ്മാനവും നല്‍കിയിരുന്നു’ -സുരേഷ് പറഞ്ഞു.
ഇഞ്ചക്ഷന്‍ എടുത്തശേഷം കൈവീര്‍ത്തിരുന്നു. അപ്പോള്‍ത്തന്നെ ചികിത്സ നല്‍കാനായി. ഒട്ടുംതാമസിക്കാതെ ആശുപത്രിക്കാര്‍ ചികിത്സ നല്‍കി. എല്ലാകാര്യങ്ങളും അവര്‍ ചെയ്തതായും പിതാവ് പറഞ്ഞു.
അറസ്റ്റിലായ അനുഷയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കുകയാണെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും തിരുവല്ല ഡിവൈ.എസ്.പി. അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നേഴ്സിന്റെ വേഷം ധരിച്ച് എത്തിയ അനുഷ ഡിസ്ചാർജ് കാത്ത് മുറിയിൽ ഇരുന്ന സ്നേഹയെ മരുന്നുകൾ ഒന്നും നിറയ്ക്കാത്ത സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയായിരുന്നു. ഡിസ്ചാർജ് വാങ്ങിയ തനിക്ക് എന്തിന് വീണ്ടും ഇഞ്ചക്ഷൻ നൽകുന്നു എന്ന് സ്നേഹയുടെ ചോദ്യത്തിന് പ്രസവ ശേഷം നൽകുന്ന സുരക്ഷാ ഇഞ്ചക്ഷൻ ആണിത് എന്നായിരുന്നു അനുഷയുടെ മറുപടി. സുരക്ഷാ ജീവനക്കാർ അനുഷയെ തടഞ്ഞുവെക്കുകയും തുടർന്ന് എത്തിയ പുളിക്കീഴ് പോലീസിന് കൈമാറുകയും ആയിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്നേഹയുടെ ഭർത്താവായ അരുണുമായി കോളജ് പഠനകാലം മുതൽ ഇഷ്ടത്തിലായിരുന്നുവെന്നും ഇപ്പോഴും ആ ബന്ധം തുടരുന്നതായും അനുഷമൊഴി നൽകിയത്. ആൾമാറാട്ടത്തിനും വധശ്രമത്തിനും കേസെടുത്ത അനുഷ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.