കോഴിക്കോട്: തിരുവമ്പാടി എം.എല്‍.എ ലിേന്റാ ജോസഫും മുക്കം സ്വദേശിനി കെ. അനുഷയും വിവാഹിതരായി. എസ്.എഫ്.ഐ കാലം മുതലുള്ള പരിചയവും പ്രണയവുമാണ് വിവാഹത്തിലെത്തിയത്. ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി ലിേന്റാ അനുഷയെ രക്തഹാരം ചാർത്തി. മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷമാക്കി.
തിരുവമ്പാടി എം.എല്‍.എയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിേന്റാ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്‍റെയും അന്നമ്മയുടെയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്‍റെയും ലതയുടേയും മകളാണ് വധു അനുഷ. മുക്കം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ നടന്ന സുഹൃദ്സൽക്കാരത്തിൽ രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്.
2019ലെ പ്രളയകാലത്തുണ്ടായ അപകടത്തെ തുടർന്ന് ലിേന്റാ ജോസഫിന്‍റെ വലതുകാലിന് സ്വാധീനമില്ല. കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ ട്യുമർ രോഗിയായ ബിജുവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മുക്കം മാമ്പറ്റയിൽ ആംബുലൻസിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ആംബുലൻസ് ഓടിക്കാൻ മറ്റു ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആ ദൗത്യവും ലിേന്റാ ഏറ്റെടുക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മാസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തി. മൂന്ന് ശസ്‌ത്രക്രിയക്ക് ശേഷമാണ് അൽപ്പം മുടന്തിയാണെങ്കിലും നടക്കുന്നത്.
ആശുപത്രി വിട്ട് ആറ് മാസത്തെ വിശ്രമത്തിനുശേഷവും ലിേന്റാ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ ലിേന്റായെ തിരുവമ്പാടി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചു. 4643 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
മികച്ച കായികതാരം കൂടിയായിരുന്നു 29കാരനായ ലിന്റോ. 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന ജേതാവാണ്. 2007ലെ ഗോവ ദേശീയ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.