തിരുവനന്തപുരം: കോർപറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിെൻറ പ്രാഥമിക അന്വേഷണത്തിൽ കത്ത് വ്യാജമെന്ന നിഗമനത്തിലെത്തിയെങ്കിലും അലയൊലി അടങ്ങുന്നില്ല. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ശിപാർശ ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. കത്ത് വ്യാജമാണെങ്കിലും ഉറവിടം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷകക്ഷികൾ ഉന്നയിച്ചു കഴിഞ്ഞു.
സത്യാവസ്ഥ അറിയാൻ യഥാർത്ഥ കത്ത് കണ്ടെത്തണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം പറയുന്നു. ഇതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. തന്‍റെ പേരിൽ തന്‍റേതല്ലാത്ത കത്ത് പ്രചരിക്കുന്നുവെന്ന് മേയർ പകർപ്പ് അടക്കം രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ മറ്റ് തടസങ്ങളില്ല. കത്തയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും പറയുമ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കൈവശം കിട്ടിയത് കത്തിന്‍റെ സ്ക്രീൻ ഷോട്ട് മാത്രമാണ്.
കത്ത് കണ്ടെത്താതെ കൂടുതൽപേരുടെ മൊഴിയെടുക്കുന്നതിൽ കാര്യമില്ല. ഈ സാഹചര്യത്തിൽ ടെലിഫോണിലൂടെ മൊഴി നൽകിയ ആനാവൂരിനെ തൽകാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിനോടകം യഥാർത്ഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം. സമാനമായ മറ്റൊരു കത്ത് അയച്ച പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ ക്രൈംബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല.
ഈ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മുന്നിൽ പരാതികളില്ല. അതേസമയം കത്തിന് പിന്നിലെ അഴിമതി പരാതി അന്വേഷിക്കുന്ന വിജിലൻസ് സംഘം കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുത്തു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴിയെന്നറിയുന്നു. മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു. വിവാദ കത്തിന്‍റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന്‍റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.