തിരുവനന്തപുരം: ശശി തരൂർ എം.പി സമർപ്പിച്ച ഹരജിയിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി ക്രിമിനൽ കേസെടുത്തു. കേന്ദ്രമന്ത്രിയുടെ പരാമർശം തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ച് തരൂർ നൽകിയ കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. േമയ് രണ്ടിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കോടതി സമൻസും അയച്ചു.
കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് 2018 ഒക്ടോബർ 28ന് പുലർച്ച 5.38ന് ട്വിറ്റർ വഴി കൊലപാതക കേസിലെ പ്രതി തരൂർ എന്ന പോസ്റ്റിടുകയും ഇത് തെൻറ 80 വയസ്സുള്ള അമ്മയോടുപോലും പലരും ചോദിക്കാൻ ഇടവരുത്തുകയും ചെയ്തെന്ന് തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സുനന്ദപുഷ്കറുടെ മരണം ആത്മഹത്യയാണെന്നാണ് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞദിവസം കോടതിയിൽ നേരിെട്ടത്തി തരൂർ മൊഴി നൽകിയിരുന്നു.
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള 2019 മാർച്ച് അഞ്ചിന് അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മൂന്ന് ഭാര്യമാരെ കൊലപ്പെടുത്തിയ ആളാണ് തരൂരെന്ന് നടത്തിയ പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി മറ്റൊരു ഹരജിയും തരൂർ ഇതേ കോടതിയിൽ നൽകിയിട്ടുണ്ട്. ഇൗ കേസിലും കഴിഞ്ഞദിവസം നേരിട്ടെത്തി അദ്ദേഹം മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.