'തരൂരിനെ തോൽപ്പിക്കാനാവില്ല മക്കളേ...'; തിരുവനന്തപുരത്തിന്‍റെ സ്വന്തം 'വിശ്വപൗരൻ', അവസാന ലാപ്പിലെ വിജയക്കുതിപ്പ്

തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ശശി തരൂരിന് വിജയം. 15,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വോട്ടെണ്ണലിന്‍റെ പല ഘട്ടത്തിലും മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖർ വൻ അട്ടിമറിക്ക് ഒരുങ്ങുകയാണോയെന്ന സംശയമുണർത്തിയിരുന്നു. തൃശൂരിനൊപ്പം തിരുവനന്തപുരത്തും എൻ.ഡി.എ സ്ഥാനാർഥികൾ ഏറെ നേരം വോട്ടെണ്ണത്തിൽ മുന്നിലായിരുന്നു. എന്നാൽ, അവസാന ലാപ്പിൽ ഭൂരിപക്ഷം നേടിയ തരൂർ മൂന്നാംതവണയും തിരുവനന്തപുരത്തിന്‍റെ നായകനായി.

കഴിഞ്ഞ തവണ 99,989 വോട്ടിനാണ് ശശി തരൂർ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ സി.പി.ഐ നേതാവ് സി. ദിവാകരന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ശശി തരൂരിന് 4,16,131 വോട്ട് (41.19 ശതമാനം) ലഭിച്ചപ്പോൾ കുമ്മനം രാജശേഖരന് ലഭിച്ചത് 3,16,142 വോട്ടാണ് (31.3 ശതമാനം). സി. ദിവാകരന് 2,58,556 വോട്ടും ലഭിച്ചു (25.6 ശതമാനം). 4580 വോട്ടുകൾ നോട്ടക്ക് ലഭിച്ചു.

ഇക്കുറി കടുത്ത ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. ശശി തരൂരിനെ വീഴ്ത്താൻ കേന്ദ്രമന്ത്രിയെ തന്നെ ഇറക്കുകയായിരുന്നു ബി.ജെ.പി. സി.പി.ഐയാകട്ടെ, തങ്ങളുടെ ജനകീയ മുഖങ്ങളിലൊന്നായ പന്ന്യൻ രവീന്ദ്രനെയും തലസ്ഥാന മണ്ഡലം പിടിക്കാൻ നിയോഗിച്ചു. അവസാന ലാപ്പ് വരെ അടിയൊഴുക്കും സാമുദായികവോട്ടും നിർണായകമായിരുന്നു തിരുവനന്തപുരത്ത്. ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ നിലപാടും സമുദായ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറി. സിറ്റിങ് എം.പി എന്ന നിലയിൽ തരൂരിനെതിരെ നാലു​ ഭാഗത്തു​നിന്നും ചോദ്യങ്ങളുയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ മികച്ച പ്രതിച്ഛായ വോട്ട് നേടിക്കൊടുത്തു.

നായർ, നാടാർ, ലത്തീൻ, മുസ്​ലിം വോട്ടുകളാണ്​ മണ്ഡലത്തിന്‍റെ നിർണായക സമുദായസാന്നിധ്യങ്ങൾ. 2019ലേ​തുപോലെ അടിയുറച്ച രാഷ്ട്രീയവോട്ടുകൾക്ക്​ പുറമേയുള്ള നായർ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമിടയിൽ വീതം വെച്ചുപോയതായി കാണാം. നാടാർ വോട്ടുകൾ നല്ലൊരു വിഹിതം തരൂരിന് ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക്​​ നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച്​ തെരഞ്ഞെടുപ്പ്​ കാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്ത​ു​വന്നിരുന്നു. ഇതും തരൂരിന് ഗുണകരമായി.

15 ശതമാനത്തോളമുള്ള നിഷ്പക്ഷ വോട്ടുകൾ തിരുവനന്തപുരത്ത് എക്കാലവും നിർണായകമായി മാറാറുണ്ട്. ഇത്തവണ ആ വോട്ടുകളും തരൂരിന് ലഭിച്ചെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ സമരവും ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടുകളും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്.

2014ൽ 15,470 വോട്ടിനായിരുന്നു തരൂരിന്‍റെ വിജയം. അന്ന് ബി.ജെ.പിയിലെ ഒ. രാജഗോപാലിനെയാണ് പരാജയപ്പെടുത്തിയത്. 2019ൽ തന്‍റെ ഭൂരിപക്ഷം ലക്ഷത്തോടടുപ്പിക്കാൻ അന്ന് കേരളത്തിലുണ്ടായിരുന്ന രാഹുൽ തരംഗം സഹായകമായിരുന്നു. 2009ൽ തരൂർ 99,998 വോട്ടിന് സി.പി.ഐയുടെ പി. രാമചന്ദ്രൻ നായരെയാണ് തോൽപ്പിച്ചത്. 

Tags:    
News Summary - Thiruvananthapuram lok sabha live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.