തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കോഓർഡിനേറ്ററായി ഗവർണർ പ്രവർത്തിക്കുകയാണ്.
എസ്.എഫ്.ഐ ആത്മസംയമനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതല്ല നടക്കുന്നത്. ആത്മഹത്യാ സ്ക്വാഡ് പോലെയാണ് പ്രവർത്തിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്കെതിരെ സമരം ശക്തമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെയാണ് സമരം. സർവകലാശാലകളുടെ സെനറ്റിലേക്ക് ആർ.എസ്.എസ് ഓഫിസിൽ നിന്ന് നൽകിയ പട്ടിക പ്രകാരം ആളുകളെ നാമനിർദേശം ചെയ്യുകയാണ് ഗവർണർ. വരും ദിവസങ്ങളിൽ ഇതിനെതിരായ സമരം കാമ്പസുകളിലേക്കും വ്യാപിപ്പിക്കും. ചാൻസലർക്ക് കേരളത്തിലെ ഒരു കാമ്പസിലും പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ആർഷോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.