കൊച്ചി: ബ്രഹ്മപുരം തീപിടിത്തം കോർപ്പറേഷൻ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ല സെക്രട്ടേറിയറ്റംഗം കൂടിയായ മേയർ അഡ്വ.എം. അനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. കഴിഞ്ഞ10 വർഷം കോർപ്പറേഷൻ ഭരിച്ച യു.ഡി.എഫ് ഭരണസമിതികളുടെ വീഴ്ചയാണ് ബ്രഹ്മപുരത്ത് മാലിന്യമല രൂപം കൊളളാൻ കാരണമായത്. ഇക്കാര്യം പൊതു സമൂഹത്തിലെത്തിക്കുന്നതിൽ കോർപ്പറേഷൻ ഭരണ സമിതിക്ക് വീഴ്ചയുണ്ടായി.
മൊത്തം ഉത്തരവാദിത്തവും കോർപറേഷനും സംസ്ഥാന സർക്കാറിനും മേൽ ചാരാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചത് ഈ വീഴ്ച മൂലമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ബ്രഹ്മപുരം കരാർ, മാലിന്യസംസ്കരണത്തിലെ പ്രശ്നങ്ങൾ, പ്ലാന്റിന്റെ പോരായ്മകൾ എന്നിവയെക്കുറിച്ച് മേയർ വിശദീകരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികളാകണം ഇനി അവലംബിക്കേണ്ടതെന്നും യോഗം വിലയിരുത്തി. ബ്രഹ്മപുരം സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കണമെന്നും യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.