ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന് മൂന്നാമതും ജഡ്ജി പിന്മാറ്റം. മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫാണ് കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ഒഴിഞ്ഞത്. ഇനി കേസ് നാലാമതൊരു ബെഞ്ചിന് വിടേണ്ടിവരും. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, അമിതാവ റോയ് എന്നിവരുടെ ബെഞ്ചിൽ 61ാം ഇനമായി തോമസ് ചാണ്ടിയുടെ അപ്പീൽ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. ജഡ്ജി പിന്മാറിയതിെൻറ കാരണം വ്യക്തമല്ല. നേരത്തെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, എ.എം സപ്രെ എന്നിവരും അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന് ഒഴിഞ്ഞിരുന്നു.
കായൽ കൈയേറ്റ കേസിൽ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിെന തുടർന്നാണ് തോമസ് ചാണ്ടി അപ്പീലുമായി സുപ്രീംകോടതിയിൽ എത്തിയത്. താൻ ഉൾപ്പെട്ട മന്ത്രിസഭയുടെ തീരുമാനത്തിന് എതിരായി തോമസ് ചാണ്ടി നീങ്ങാൻ പാടില്ലായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. ഹൈകോടതി തീരുമാനത്തെ തുടർന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത്.
ജസ്റ്റിസ് എ.എം. സപ്രെ ഇല്ലാത്ത ഒരു ബെഞ്ച് തോമസ് ചാണ്ടിയുടെ അപ്പീൽ പരിഗണിക്കണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ രജിസ്ട്രാർ ജനറലിന് കത്ത് നൽകിയത് വിവാദമായിരുന്നു. മുതിർന്ന അഭിഭാഷകനായ വിവേക് തൻഖയാണ് കേരള ഹൈകോടതിയിൽ തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായത്. ഇൗ അഭിഭാഷകന് വ്യക്തിപരമായ കാരണങ്ങളാൽ ജസ്റ്റിസ് സപ്രെക്കു മുമ്പാകെ അപ്പീൽവാദത്തിന് ഹാജരാകാൻ കഴിയില്ലെന്ന വിശദീകരണത്തോടെയാണ് ജസ്റ്റിസ് സപ്രെ ഇല്ലാത്ത ബെഞ്ചിൽ വാദം നടക്കണമെന്ന ആവശ്യം തോമസ് ചാണ്ടി ഉന്നയിച്ചത്. ഇൗ പശ്ചാത്തലത്തിൽ ആദ്യം കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചിെൻറ പരിഗണനക്കാണ് വെച്ചിരുന്നത്. ഇൗ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഖാൻവിൽകർ ഒഴിഞ്ഞു. തുടർന്ന് ജസ്റ്റിസുമാരായ ആർ.കെ അഗർവാൾ, എ.എം സപ്രെ എന്നിവരുടെ ബെഞ്ചിനു വിട്ടപ്പോൾ ജസ്റ്റിസ് സപ്രെ ഒഴിഞ്ഞു. ഇപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫും പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.