കോട്ടയം: മലയാള പത്രപ്രവർത്തനത്തിലെ കുലപതികളിലൊരാളായ തോമസ് ജേക്കബ് അഞ്ചരപ്പതിറ്റാണ്ട് നീണ്ട മാധ്യമജീവിതത്തിെനാടുവിൽ മലയാള മനോരമയിൽനിന്ന് വിരമിച്ചു. 56 വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിനൊടുവിൽ എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽനിന്നാണ് പടിയിറക്കം. കമ്പനി നിയമപ്രകാരം വർഷങ്ങൾക്കുമുമ്പ് വിരമിച്ചശേഷവും അദ്ദേഹം മനോരമക്കൊപ്പം തുടരുകയായിരുന്നു.
26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററാണ്. തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പത്രപ്രവർത്തക പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടി. ആ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് തോമസ് ജേക്കബ്. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയും വഹിച്ചു.
പത്രപ്രവർത്തകർക്കുള്ള കേരള സർക്കാറിെൻറ ഏറ്റവും വലിയ ബഹുമതിയായ സ്വദേശാഭിമാനി- കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘കഥാവശേഷർ’, ‘കഥക്കൂട്ട്’, ‘ചന്ദ്രക്കലാധരൻ’ എന്നീ ഗ്രന്ഥങ്ങളും പത്രപ്രവർത്തകൻ ടി. വേണുഗോപാലുമായി ചേർന്ന് ‘നാട്ടുവിശേഷം’ എന്ന പുസ്തകവുമെഴുതി.
സൗമ്യതയുടെയും ലാളിത്യത്തിെൻറയും പ്രതീകമായിരുന്ന അദ്ദേഹം മലയാള പത്രപ്രവർത്തനത്തെ ദേശീയശ്രദ്ധയിലേക്ക് എത്തിച്ചവരിൽ മുൻ നിരയിലാണ്. കാർട്ടൂണിസ്റ്റാകാൻ വന്ന് മലയാള മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ തോമസ് ജേക്കബ് മലയാള പത്രലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാനും പരിശ്രമിച്ചു.
മറ്റ് പത്രസ്ഥാപനങ്ങളുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം നിരവധി പത്രപ്രവർത്തക പരിശീലന സ്ഥാപനങ്ങളിൽ പഠന ക്ലാസ് എടുത്തിരുന്നു. പത്തനംതിട്ട ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗമാണ്. ഭാര്യ അമ്മു. മൂന്നു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.