കൊച്ചി: ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.വിദ്യാർഥികൾക്കൊപ്പം കളമശേരി - ആകാശ മിഠായി സീസൺ രണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചില നേതാക്കളുടെ പ്രസ്താവനകൾ കണ്ടു.
അവരെന്തിനാണ് ലിംഗ സമത്വത്തെ ഭയക്കുന്നത്. അവരുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കും മകൾക്കും തുല്യാവസരവും തുല്യ നീതിയും ലഭിക്കുന്നതിൽ അവർ എന്തുകൊണ്ടാണ് വിഷമിക്കുന്നത്. ഈ പ്രസ്താവനകൾക്ക് ശേഷം വീട്ടിലെത്തി സ്ത്രീകളോട് അഭിപ്രായം ചോദിക്കാൻ അവർ തയാറായാൽ ഈ പ്രസ്താവനകൾ അപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടി വരും.
ജൻഡർ യൂനിഫോം ആണെങ്കിലും മിക്സഡ് സ്‌കൂളുകൾ ആണെങ്കിലും ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ഒരു നിർബന്ധവും ചെലുത്തുന്നില്ല. ഒരു സ്‌കൂളുകാരോടും ഒരു നിശ്ചിത യൂനിഫോം ധരിക്കണം എന്ന് പറയുന്നില്ല.ഏതേലും ബോയ്സ് അല്ലെങ്കിൽ ഗേൾസ് സ്കൂൾ മിക്സഡ് ആക്കണം എന്ന് നിർബന്ധിക്കുന്നില്ല. എന്നാൽ സ്വമേധയാ ഒരു തീരുമാനവുമായി ഒരു സ്കൂൾ രംഗത്ത് വന്നാൽ, അതിന് പി.ടി.എ യുടെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുവാദം ഉണ്ടെങ്കിൽ സർക്കാർ പുറംതിരിഞ്ഞ് നിൽക്കില്ല.
സർക്കാരിന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാൽ വിജ്ഞാനം എല്ലാവർക്കും കരസ്ഥമാക്കാൻ കഴിയുന്ന കാലഘട്ടത്തിൽ,അതിനുള്ള അവസരം ഉള്ള കാലഘട്ടത്തിൽ ഏറെ നാൾ ഒരു കൂട്ടരെയും തെറ്റിദ്ധരിപ്പിക്കാൻ ആകില്ലെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.