കോഴിക്കോട്: കിരീടങ്ങൾ വാഴുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്നും സാഹിത്യകാരൻ എം. മുകുന്ദൻ. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. തെരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓർക്കണമെന്നും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. എം.ടി വാസുദേവൻ നായർക്കു പിന്നാലെ കെ.എൽ.എഫ് വേദിയിൽ ശക്തമായ രാഷ്ട്രീയ വിമർശനവുമായി എം. മുകുന്ദനും രംഗത്തുവന്നത് ശ്രദ്ധേയമായി. ഇ.എം.എസ്. നേതൃപൂജകളിൽ ഉണ്ടായിരുന്നില്ലെന്ന എം.ടി.യുടെ വിമർശനം ഉൾക്കൊള്ളണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.
‘നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്. തെരഞ്ഞെടുപ്പ് ഇനിയും വരും. ചോരയുടെ മൂല്യം ഓർക്കണം. ഇതു ഓർത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടത്’ – കെ.എൽ.എഫ് വേദിയിൽ മുകുന്ദൻ പറഞ്ഞു.
ഇ.എം.എസ് നേതൃപൂജകളിൽ ഉണ്ടായിരുന്നില്ലെന്ന എം.ടി.യുടെ വിമർശനം ഉൾക്കൊള്ളണം. സംസ്ഥാന സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ചില ഇടർച്ചകളുണ്ട്. അതിനെ എഴുത്തുകാർ വിമർശിക്കും. അതിനോട് സഹിഷ്ണുത കാട്ടണം. എല്ലാ അധികാരികൾക്കും ഇത് ബാധകമാണ്. അധികാരത്തിൽ എത്തിയവർ വന്ന വഴി മറക്കുകയാണിപ്പോൾ’ -മുകുന്ദൻ പറഞ്ഞു.
കെ.എൽ.എഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം.ടി നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ വലിയ ചര്‍ച്ചയായിരുന്നു. നേതൃത്വ പൂജകളിലൊന്നും ഇ.എം.എസിനെ കാണാനാകുമായിരുന്നില്ലെന്നും ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം.ടി. പറഞ്ഞു.
‘എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.
അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്’ -കെ.എൽ.എഫിൽ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ പിണറായിയെ സാക്ഷിയാക്കി എം.ടി തുറന്നടിച്ചതിങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.