തിരുവനന്തപുരം: പുനഃസംഘടനയില്‍ ന്യായമായ വിട്ടുവീഴ്ചകൾക്ക് കെ. സുധാകരനും വി.ഡി. സതീശനും തയാറായതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തൽ. തങ്ങൾക്കിടയിൽ ഉരുണ്ടുകൂടിയ അവിശ്വാസം പാർട്ടിയെ അടിമുടി ബാധിക്കുന്ന നിലയിലേക്ക് നീങ്ങുന്നെന്ന് കണ്ടതോടെയാണ് സമവായത്തിന് ഇരുവരും തയാറായത്. ആദ്യം മധ്യസ്ഥരിലൂടെയും പിന്നീട് നേരിട്ടും സംസാരിച്ചു. പിന്നീട് ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്ന ചർച്ചകളിലേക്കും കടന്നതോടെ പിരിമുറുക്കം അയഞ്ഞു. ഡി.സി.സി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഹൈകമാൻഡ് ഇടപെട്ട് തടഞ്ഞതോടെയാണ് ഇവർ ഇടഞ്ഞത്. എം.പിമാരെ മറയാക്കി ഹൈകമാൻഡ് ഇടപെടൽ നടത്തിയെന്ന പരാതിയുയർത്തിയാണ്, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കത്തെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചത്. പട്ടിക പുറത്തിറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സുധാകരനും സ്വീകരിച്ചു.
സമവായത്തിലൂടെ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ വിയോജിപ്പില്ലെന്ന നിലപാടിലായിരുന്നു സതീശൻ. കരട് പട്ടികയിൽ ഇടംപിടിച്ച കളങ്കിതരെ ഒഴിവാക്കണമെന്നും എം.പിമാരുടെ പരാതികൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സതീശൻപക്ഷം സ്വീകരിച്ചത്. നേതാക്കൾക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത തർക്കം പാർട്ടിക്ക് ക്ഷതമേൽപിച്ചെന്ന കാര്യത്തിൽ പാർട്ടിയിലെ ആർക്കും സംശയമില്ല. എന്നാൽ, കരട് പട്ടിക അതേപടി അംഗീകരിച്ച് ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നെങ്കിൽ വലിയ പൊട്ടിത്തെറി ഒഴിവാക്കാൻ അത് സഹായിച്ചെന്ന അഭിപ്രായമുള്ളവരും കുറവല്ല.
ക്രിമിനല്‍ കേസിൽ ഉൾപ്പെട്ടവരും മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണവിധേയരായവരും കരട്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അടിയന്തര സാഹചര്യത്തിലല്ലാതെ, പാർട്ടി നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഇളവ് നൽകി ആരെയും ഭാരവാഹിയാക്കേണ്ടെന്ന പൊതുധാരണയുണ്ട്. ആവശ്യമെങ്കിൽ ഭാരവാഹികളുടെ എണ്ണത്തില്‍ നേരിയ വർധന വരുത്തി അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിൽ വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളുടെ കരട് പട്ടിക പരിശോധിച്ച് ഭാരവാഹികളുടെ കാര്യത്തിൽ ഏകദേശ ധാരണ ഉണ്ടാക്കി. ശേഷിക്കുന്ന ജില്ലകളുടെ കാര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തുന്ന ചർച്ചകളിൽ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.