കൊച്ചി: ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കാൻ ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ കുറുമശ്ശേരി ജങ്ഷനിലെ മോഡി ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതികളായ ആലുവ വട്ടപ്പറമ്പ് സ്വദേശികളായ ധനേഷ് പ്രഭാകരൻ, അരുൺ അരവിന്ദ്, സുജയ് സുബ്രഹ്മണ്യൻ, കുറുമശ്ശേരി സ്വദേശി ടി.എ. ലെനിൻ എന്നിവർക്കാണ് ജസ്റ്റിസ് അശോക് മേനോൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള മറ്റ് രണ്ടുപേരുെടയും ബോണ്ട് വ്യവസ്ഥയിൽ ജാമ്യം നൽകണമെന്നാണ് ഉത്തരവ്.
ഏഴുദിവസത്തിനകം സ്റ്റിക്കർ നീക്കിയില്ലെങ്കിൽ ബേക്കറി ബഹിഷ്കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റർപാഡിൽ 2020 ഡിസംബർ 20ന് ഉടമക്ക് കത്ത് നൽകിയെന്നാണ് പരാതി.
കലാപമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസ്. എന്നാൽ, മതസ്പർധ വളർത്താൻ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങൾ ചുമത്താനിടയുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.