കോട്ടയം: നഗരത്തിൽ കഞ്ചാവ് വേട്ട. എട്ടുകിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ. കോട്ടയം കാരാപ്പുഴ പതിനാറിൽചിറ കൊച്ചുപറമ്പിൽ ബാദുഷ ഷാഹുൽ (24), പത്തനംതിട്ട ചാലാപ്പള്ളി കുടകല്ലുങ്കൽ നന്ദനത്തിൽ അഭിഷേക് കെ. മനോജ് (22), തിരുവാർപ്പ് കാഞ്ഞിരംകര പാറേൽ നാൽപതിൽ പി.ആർ. ജെറിൻ (22) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് കോട്ടയം നഗരത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ, വ്യാഴാഴ്ച രാവിലെ ഇവർ കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതനുസരിച്ച് പൊലീസ് റെയിൽവേ സ്റ്റേഷെൻറ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചു.
ഒമ്പതോടെ ഇവർ ട്രാവൽബാഗുമായി ട്രെയിനിറങ്ങിയ ഉടൻ വളഞ്ഞു. ഓടിമറയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ബാഗ് പരിശോധിച്ചപ്പോൾ പൊതികളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ആന്ധ്രയിൽനിന്നാണ് എത്തിച്ചതെന്നാണ് സൂചന. കഞ്ചാവ് വിറ്റുകിട്ടുന്ന പണംകൊണ്ട് പ്രതികൾ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാർ, ക്രൈം ഡിറ്റാച്മെൻറ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി. ജോസഫ്, എസ്.ഐ ശ്രീരംഗൻ, എ.എസ്.ഐ ഷോബി, ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ തോമസ് കെ. മാത്യു, പ്രതീഷ് രാജ്, പി.കെ. അനീഷ്, അജയകുമാർ, ശ്രീജിത് ബി. നായർ, അരുൺ.എസ്, ഷമീർ, അനൂപ്്. എസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്പ്രേ അടിച്ച് കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ബാദുഷ. ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി 15ഓളം കേസിൽ പ്രതിയാണ് ഇയാൾ. എക്സൈസ് വകുപ്പ് പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.