കോഴിക്കോട്: വിഷുപ്പുലരിയില്‍ മൂന്നു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ അന്വേഷണം സിനിമാമേഖലയിലേക്ക്. പരപ്പില്‍ ഫ്രാന്‍സിസ് റോഡിലെ വള്ളിപ്പറമ്പ് എന്‍.വി. ഹൗസില്‍ അന്‍വറിനെയാണ് (44) 3.075 കിലോഗ്രാം ഹഷീഷ് ഓയിലുമായി ഫറോക്ക് എക്സൈസ് റെയിഞ്ച് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർെച്ച രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇദ്ദേഹം പിടിയിലായത്. പ്രതിയെ ചോദ്യം െചയ്തപ്പോഴാണ് സിനിമ-കായിക മേഖലയിലേക്കടക്കമുള്ള ലഹരിക്കടത്തിെൻറ സൂചനകൾ ലഭിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.
സിനിമ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റുമാണ് കൂടുതലായും ഹഷീഷ് ഓയില്‍ എത്തിക്കുന്നത്. ഇതിനുപുറമേ കായികമേഖലയിലും ലഹരിക്ക് ആവശ്യക്കാരുണ്ടെന്ന് വ്യക്തമായതോടെയാണ് ഈ നിലക്കുള്ള അന്വേഷണം ആരംഭിച്ചത്. നിരവധി കോളജ് വിദ്യാര്‍ഥികളും മയക്കുമരുന്നിന് അടിമകളായതായി വിവരം ലഭിച്ചതോടെ ഇവരെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്.
വിജയവാഡയിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. അവിടം കേന്ദ്രീകരിച്ച് മലയാളികളുള്‍പ്പെടുന്ന സംഘമാണ് സഹായത്തിനുള്ളത്. മൊത്തമായി എത്തിക്കുന്ന ഹഷീഷ് ഓയിലിന് ഒരു മില്ലിക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്.
പ്രത്യേക മണമില്ലാത്തതിനാല്‍ ലഹരി ഉപയോഗിച്ചതായി തിരിച്ചറിയാനാവില്ലെന്നതാണ് ഹഷീഷ് ഓയിലിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമെന്നും എക്സൈസ് പറയുന്നു. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് സൂചന ലഭിച്ചതോെട എക്സൈസ് അന്വറിെൻറ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മയക്കുമരുന്ന് സഹിതം ഇദ്ദേഹം പാലക്കാടു നിന്ന് ബസിൽ കയറിയതോടെ എക്സൈസ് പിന്തുടർന്ന് രാമനാട്ടുകരയിൽനിന്ന് അറസ്റ്റുെചയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇന്‍സ്പെക്ടര്‍ കെ. സതീശന്, പ്രിവൻറിവ് ഓഫിസര്‍ പ്രവീണ്‍ ഐസക്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ എന്‍. ശ്രീശാന്ത്, എം. റെജി, എം.എല്‍. ആഷ്കുമാര്, പി. വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.