തിരുവനന്തപുരം: ചാൻസലറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭ സ്പീക്കറും ഉൾപ്പെട്ട മൂന്നംഗ സമിതിയിൽ നിക്ഷിപ്തമാക്കുന്ന സുപ്രധാന ഭേദഗതിയോടെ സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. സർക്കാറുമായി ഇടഞ്ഞ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കി വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവരെ പകരം കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
സുപ്രീംകോടതി റിട്ട. ജഡ്ജിയെയോ ഹൈകോടതി റിട്ട. ചീഫ് ജസ്റ്റിസിനെയോ ചാൻസലറാക്കണമെന്ന ഭേദഗതി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ നടപടി ബഹിഷ്കരിച്ചു. ചാൻസലറെ സർക്കാർ നിയമിക്കണമെന്ന വ്യവസ്ഥ മാറ്റിയാണ് മൂന്നംഗ സമിതിക്ക് അധികാരം നൽകിയത്. ബില്ലിൽ ഗവർണറുടെ നിലപാട് നിർണായകമാണ്.
വി.സിയുടെ താൽക്കാലിക ഒഴിവുണ്ടായാൽ ചാൻസലർ പ്രോ-ചാൻസലറുമായി കൂടിയാലോചിച്ച് ക്രമീകരണമുണ്ടാക്കണമെന്ന ഭേദഗതിയും അംഗീകരിച്ചു. പ്രോ-വൈസ് ചാൻസലർക്കോ മറ്റൊരു സർവകലാശാല വൈസ് ചാൻസലർക്കോ ചുമതല നൽകാനായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ബിൽ നിയമമായാൽ വിദ്യാഭ്യാസ വിചക്ഷണനെയോ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം, പൊതുഭരണം എന്നിവയിലേതിലെങ്കിലും പ്രാഗല്ഭ്യമുള്ള വ്യക്തിയെയോ ചാൻസലറായി നിയമിക്കാം.
എല്ലാ സർവകലാശാലകൾക്കും ഒറ്റ ചാൻസലർ എന്ന ഭേദഗതി പ്രതിപക്ഷാംഗം റോജി എം. ജോൺ അവതരിപ്പിച്ചു. റിട്ട. സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ റിട്ട. ഹൈകോടതി ചീഫ് ജസ്റ്റിസ് ചാൻസലറാകണമെന്നും തെരഞ്ഞെടുപ്പ് സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സമിതിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്നത് പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി ചാൻസലറെ നിയമിക്കുമ്പോൾ, നിയമനം ചോദ്യം ചെയ്ത് ആരെങ്കിലും ഹൈകോടതിയെ സമീപിക്കുന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിർദേശിക്കുന്ന പേരിനോട് ചീഫ് ജസ്റ്റിസ് വിയോജിച്ചാൽ അതും പ്രശ്നങ്ങളുണ്ടാക്കും.
മന്ത്രിയുടെ മറുപടിയോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി ചാൻസലറെ തെരഞ്ഞെടുക്കണമെന്ന നിർദേശത്തിൽനിന്ന് പ്രതിപക്ഷം പിന്മാറി. എന്നാൽ, ഓരോ മേഖലയിലും വിദഗ്ധരായവരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന വ്യവസ്ഥ സർവകലാശാലകളിൽ മാർക്സിസ്റ്റ്വത്കരണം കൊണ്ടുവരുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.