കാഞ്ഞങ്ങാട്: തിരുവോണത്തലേന്ന് മൂന്നുപേർ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചത് നാടിന്റെ നടുക്കമായി. കോട്ടയം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ് (60), എയ്ഞ്ചൽ(30) എന്നിവരുടെ മരണം, ഇവർ പങ്കെടുത്ത വിവാഹച്ചടങ്ങ് നടന്ന കള്ളാറിനെയും ദുഃഖത്തിലാഴ്ത്തി. കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന കള്ളാർ ആടകം സ്വദേശി ജസ്റ്റിന്റെയും കോട്ടയം ചിങ്ങവനത്തെ മർഷയുടെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. മരിച്ച മൂന്നുപേരെ കൂടാതെ കോട്ടയം, പത്തനംതിട്ട സ്വദേശികളായ നിരവധി പേരും കള്ളാറിലെത്തിയിരുന്നു.
വൈകീട്ട് കോട്ടയത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം പേരും വൈകീട്ട് ഏഴിനുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിച്ചിരുന്നു. ശേഷിച്ചവർ അടുത്ത ട്രെയിനിൽ പോകാമെന്ന് കരുതി കാത്തിരുന്നതാണ്.
കോട്ടയത്തേക്ക് പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ ആയിരുന്നു ഇവർ നിൽക്കേണ്ടത്. എന്നാൽ രണ്ടാം പ്ലാറ്റ്ഫോമിൽനിന്നാണ് വണ്ടികയറേണ്ടതെന്ന് കരുതി പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ദുരന്തം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത കോയമ്പത്തുർ- ഹിസാർ സൂപ്പർ ഫാസ്റ്റാണ് മൂവരേയും ഇടിച്ചുതെറിപ്പിച്ചത്. മൃതദേഹങ്ങൾ നാലുപാടും ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാവിലെ അമ്പതോളം പേരാണ് കള്ളാറിലേക്ക് കോട്ടയത്തുനിന്ന് വിവാഹത്തിനെത്തിയത്. വധു മർഷയുടെ വല്യമ്മയാണ് മരിച്ച ചിന്നമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.