ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മാഹി: അഴിയൂർ ദേശീയപാതയിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ ഉൾപ്പടെ മൂന്നു പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ ചോമ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂഴിത്തല പഴയ ഷനീന ടാക്കീസിന് മുന്നിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് ടാർ കയറ്റി പോകുകയായിരുന്ന ലോറിയും തലശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചത്.

ലോറി ഡ്രൈവർമാരും ക്ലീനറും തമിഴ്നാട് സ്വദേശികളാണ്. നാഗപട്ടണം വേദറാണിയിലെ ബാലദണ്ഡ പാണി (34), കടലൂർ ഷോളഗിരി ബാബു (59), കടലൂർ ശിവാനന്ദപുരം സ്റ്റീഫൻ രാജ്‌ (34) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ സ്റ്റീഫൻ രാജിന് കാലിന്‍റെ എല്ല് പൊട്ടുകയും ഷോൾഡറിനും കൈമുട്ടിനും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചോമ്പാൽ എസ്.ഐ വി.കെ. മനീഷ്, മാഹി എസ്.ഐ പുണിത രാജ എന്നിവരടങ്ങുന്ന പൊലിസ് സംഘം സംഭവ സ്ഥലത്തെത്തി. അപകടസമയത്ത് ചാറ്റൽ മഴയുണ്ടായതായി പൊലീസ് പറഞ്ഞു.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി. 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags:    
News Summary - Three people were injured when a lorry collided on the Mahi national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.