സഹപാഠിയെ പൊള്ളലേൽപ്പിച്ച വിദ്യാർഥിനി കസ്റ്റഡിയിൽ; ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ വിദ്യാർഥിനി കസ്റ്റഡിയിൽ. നാലാം വർഷ വിദ്യാർഥിനി ലോഹിതയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാരകായുധം കൊണ്ട് ആക്രമിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളിച്ചു. മൊബൈൽ ചാർജർ കൊണ്ട് തലക്കടിച്ചെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊള്ളലേൽപ്പിച്ച വിദ്യാർഥിനിയെയും സുഹൃത്തുകളെയുമാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അക്രമവിവരം മറച്ചുവെച്ചതിനാണ് പൊള്ളലേൽപ്പിച്ച പെൺകുട്ടിയുടെ സുഹൃത്തുക്കൾക്കെതിരായ കോളജ് അധികൃതരുടെ നടപടി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. മുതിർന്ന വനിത അഭിഭാഷക, മൂന്ന് അധ്യാപകർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പൊള്ളലേറ്റ വിദ്യാർഥിയിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും.

ഇന്ന് ഉച്ചയോടെ പൊള്ളലേൽപ്പിച്ച വിദ്യാർഥിനിയും കുടുംബവും ആന്ധ്രയിൽ നിന്ന് കോളജിൽ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കോളജ് അധികൃതർ തുടർനടപടി സ്വീകരിക്കും. പെൺകുട്ടിയുടെ പരാതി കോളജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. പൊള്ളലേൽപ്പിച്ച വിവരം അറിഞ്ഞിട്ടും അസിസ്റ്റന്‍റ് വാർഡൻ നടപടി സ്വീകരിക്കാൻ തയാറായില്ല. ഡിൻ ഇൻ ചാർജിനോട് പരാതിപ്പെട്ടപ്പോൾ ലാഘവത്തോടെയുള്ള മറുപടിയാണ് വിദ്യാർഥികൾക്ക് ലഭിച്ചത്.

Tags:    
News Summary - Three students were suspended for burning their classmate in Vellayani Agriculture College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.