തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ നിശ്ചിത സമയത്തിന് മുമ്പ് പൂർത്തിയാക്കാൻ അവസരം. നാല് വർഷത്തിനിടെ വിദ്യാർഥി ആർജിക്കേണ്ട 177 ക്രെഡിറ്റുകൾ പൂർത്തിയാക്കി മൂന്നരവർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം. മൂന്ന് വർഷ ബിരുദ കോഴ്സാണ് ചെയ്യുന്നതെങ്കിൽ ആവശ്യമായ 133 ക്രെഡിറ്റുകൾ നേടി രണ്ടരവർഷം കൊണ്ടും കോഴ്സ് പൂർത്തിയാക്കാം.
പഠനത്തിനിടെ വിദ്യാർഥിക്ക് സംസ്ഥാനത്തെ മറ്റൊരു സർവകലാശാലയിലേക്ക് മാറി കോഴ്സ് പൂർത്തിയാക്കാനുമാകും. ഒരു സർവകലാശാലയിൽനിന്ന് നേടിയ ക്രെഡിറ്റുകൾ മാറ്റം വാങ്ങുന്ന സർവകലാശാലയിലേക്ക് കൈമാറിയായിരിക്കും (ക്രെഡിറ്റ് ട്രാൻസ്ഫർ) ഇത് നടപ്പാക്കുക. പഠനത്തിനിടെ ഇടവേളയും അനുവദിക്കും. റെഗുലർ പഠനത്തോടൊപ്പം ഓൺലൈൻ പഠനത്തിലൂടെ നേടുന്ന കോഴ്സുകളുടെ ക്രെഡിറ്റും ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ഉപയോഗിക്കാം. ലോകത്ത് എവിടെനിന്ന് നേടിയ ക്രെഡിറ്റും ബിരുദ കോഴ്സിന്റെ ഭാഗമാക്കി മാറ്റാനാകും. പരീക്ഷ-മൂല്യനിർണയ രീതികളിൽ കൊണ്ടുവരുന്ന മാറ്റത്തിന്റെ ഭാഗമായി പരീക്ഷ ദൈർഘ്യം കുറക്കുന്നതോടൊപ്പം കോഴ്സിലൂടെ വിദ്യാർഥി ആർജിച്ച നൈപുണിയും വിലയിരുത്തും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നതിന് പകരം വിവിധ രീതിയിലുള്ള കഴിവുകൾ പരിശോധിക്കും. എഴുത്തുപരീക്ഷ-ഇന്റേണൽ അസസ്മെന്റ് അനുപാതം നിലവിലെ 80:20 എന്നതിൽനിന്ന് 70:30 ആക്കും. ഘട്ടംഘട്ടമായി ഇത് 60:40 ആക്കി മാറ്റാനും ലക്ഷ്യമിടുന്നു.
നാല് വർഷ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൊണ്ട് പി.ജി പൂർത്തിയാക്കാൻ കഴിയുന്ന രീതിയിൽ ലാറ്ററൽ എൻട്രി സംവിധാനം കൊണ്ടുവരും. ഗവേഷണ സ്വഭാവത്തിലുള്ള നാല് വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഗവേഷണത്തിന് നേരിട്ട് ചേരാൻ കഴിയുന്ന രീതിയിലുള്ള യു.ജി.സിയുടെ പരിഷ്കാരവും നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു.
പുതിയ ബിരുദ കോഴ്സുകളുടെ ഭാഗമായി കോളജുകളിലും സർവകലാശാലകളിലും യു.ജി.സി മാർഗരേഖ പ്രകാരം നൈപുണ്യവികസന കേന്ദ്രങ്ങൾ തുടങ്ങും.
നൈപുണ്യ വിടവ് നികത്താൻ വ്യവസായ സംബന്ധിയായ ഹൃസ്വകാല കോഴ്സുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിലേക്ക് തൊഴിൽ നൈപുണ്യത്തെ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങൾ തുടങ്ങുന്നത്. സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് എന്ന പേരിൽ സ്വയംപര്യാപ്ത രീതിയിലാകും കേന്ദ്രങ്ങൾ സ്ഥാപിക്കുക. നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യ പ്രഫഷനൽ പരിശീലന ഏജൻസികളെ സർക്കാർതലത്തിൽ തെരഞ്ഞെടുക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിലായിരിക്കും നടപടികൾ.
നാലുവർഷ കോഴ്സുകളുടെ ഔദ്യോഗിക തുടക്കം ജൂലൈ ഒന്നിന് നടക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാകും പരിപാടി സംഘടിപ്പിക്കുക. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും കോളജുകളിലും ലോഞ്ചിങ് പരിപാടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.