തെരുവുനായ് ആക്രമിച്ച മൂന്ന് വയസുകാരൻ ആശുപത്രിയിൽ

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ തെരുവുനായ് ആക്രമിച്ച മൂന്ന് വയസുകാരൻ ആശുപത്രിയിൽ. കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. തിരുവോണ നാളിലായിരുന്നു തെരുവുനായ് ആക്രമണം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കെയാണ് കുട്ടിയെ നായ് ആക്രമിച്ചത്. കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരുവുനായ് ആക്രമണത്തിൽ നാളെ ഉന്നതതല യോഗം 

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. ഇന്ന് അട്ടപ്പാടിയിൽ മൂന്ന് വയസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിരവധി ആളുകൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. പേവിഷ ബാധക്കെതിരായ വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പൊതുജനങ്ങൾക്കിടയിൽ ഭീതി പടരുന്ന സാഹചര്യത്തിലാണ് മന്ത്രി എംബി രാജേഷ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി വലിയൊരു കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാൽ, നിയമപരമായി ചില തടസങ്ങളും സർക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നത്. ഷെൽട്ടർ ഉൾപ്പടെയുള്ള കാര്യങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കുറച്ച് നായകളെയെങ്കിലും കൊന്ന് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഈ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - three-year-old boy bitten by a street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.