കൊച്ചി: കാക്കനാട് തെങ്ങോട് വാടകക്ക് താമസിക്കുന്ന മൂന്നു വയസ്സുകാരിയെ ക്രൂര മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അവസാനിക്കാതെ ദുരൂഹത. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച വിചിത്ര വാദങ്ങൾ ആവർത്തിക്കുകയാണ് അമ്മ. കുട്ടിയുടെ ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നുൾപ്പെടെയാണ് ഇവരുടെ വാദം. സംഭവം അന്വേഷിക്കാൻ ആശുപത്രിയിലെത്തിയ ശിശുക്ഷേമ സമിതി അധികൃതർക്ക് മുന്നിലാണ് അമ്പരപ്പിക്കുന്ന അവകാശ വാദങ്ങൾ പുതുവൈപ്പ് സ്വദേശിയായ യുവതി നിരത്തിയത്.
ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിലൂടെ കുട്ടിയുടെ അച്ഛൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നുമാണ് ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് കെ.എസ് അരുൺകുമാറിനോട് അമ്മ പറഞ്ഞത്. കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ദേഹത്ത് സ്വയം മുറിവേൽപ്പിച്ചതാണെന്നും അവർ അവകാശപ്പെട്ടു. ദേഹത്ത് ബാധ കയറിയതാണെന്നും അപസ്മാരം വന്ന് വീണപ്പോള് ഉണ്ടായ പരിക്കാണെന്നുമായിരുന്നു അമ്മ നേരത്തേ പറഞ്ഞത്.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എച്ച്. നാഗരാജുവും വ്യക്തമാക്കി. അമ്മക്കും അമ്മൂമ്മക്കും മാനസിക പ്രശ്നങ്ങളുണ്ടെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകി, കൂടുതൽ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
മകൾ ഹൈപ്പർ ആക്ടിവ് അല്ലെന്ന് പിതാവ്
കൊച്ചി: മകൾ ഹൈപ്പർ ആക്ടിവ് അല്ലെന്നും മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അച്ഛൻ. കുട്ടിയെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആൻറണി ടിജിൻ മർദിച്ചതായിരിക്കാമെന്നും അദ്ദേഹം പൊലീസിന് മൊഴി നൽകി. സംഭവം അറിഞ്ഞ പിതാവ് തിങ്കളാഴ്ച രാത്രിതന്നെ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിയിരുന്നു.
ആൻറണി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മകളെ ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി താൻ നേരത്തേ കേസ് നൽകിയിട്ടുണ്ടെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏഴു മാസം മുമ്പാണ് സാധാരണ പോലെ മകളെ കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്കിറങ്ങിയത്. അതുവരെ മകൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ആൻറണി എറണാകുളം പനങ്ങാട് ഇവരുടെ കൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ മകളെ തനിക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പനങ്ങാട് പൊലീസിൽ പരാതി നൽകി.
ആൻറണിയുടെ പ്രവർത്തനങ്ങളെല്ലാം ദുരൂഹമാണ്. അയാൾ കുട്ടികളുടെ മുന്നിൽ വെച്ചു പോലും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ആൻറണിയുടെ ബന്ധുക്കളുൾപ്പെടെ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. തന്റെ ഭാര്യാ സഹോദരിയുടെ 12 വയസ്സുള്ള കുട്ടിയുടെ ജീവൻ വരെ ഇപ്പോൾ അപകടത്തിലാണെന്നും കുഞ്ഞിന്റെ പിതാവ് കൂട്ടിച്ചേർത്തു.
മർദിച്ചത് മാതൃസഹോദരിയുടെ പങ്കാളിയെന്ന്; ദുർമന്ത്രവാദത്തിന് ഇരയാക്കിയതായും സംശയം
കാക്കനാട്: മൂന്നുവയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സംശയമുന നീളുന്നത് മാതൃസഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിനിലേക്ക്. കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാൾ ഇവരിൽ അനാവശ്യഭീതി ഉണ്ടാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഇയാൾ എത്തിയതിന് പിന്നാലെയായിരുന്നു കുടുംബം ബന്ധുക്കളിൽനിന്ന് അകലാൻ തുടങ്ങിയത്. കുട്ടിയുടെ മാതൃസഹോദരൻ നേരത്തേ വിദേശത്ത് മരിച്ചിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും സഹോദരിയും അമ്മൂമ്മയും കടുത്ത വിഷാദരോഗത്തിന് ഇരയായി. ഈ സാഹചര്യം മുതലെടുത്താണ് പുതുവൈപ്പ് സ്വദേശിയായ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ ആന്റണി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. കുമ്പളത്തെ വീട്ടിൽ താമസിക്കവെ അയൽക്കാരും ബന്ധുക്കളുമുൾപ്പെടെയുള്ളവർ അപകടകാരികളാണെന്ന് പറഞ്ഞ് ഇയാൾ അവരിൽനിന്നെല്ലാം ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനിടെ, കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവ് പനങ്ങാട് പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് ആന്റണിയോട് ഈ വീട്ടിൽ കയറരുതെന്ന് നിർദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് പള്ളിക്കരയിലെ വാടകവീട്ടിലേക്ക് കുടുംബം മാറുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഇവർക്കു മുന്നിൽ രക്ഷകപരിവേഷമുണ്ടായിരുന്ന ആന്റണി വീട്ടിലേക്ക് ആരോ കല്ലെറിയുന്നെന്നും ഉപദ്രവിക്കുന്നെന്നും പറഞ്ഞു കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കാക്കനാടിന് സമീപം തെങ്ങോട് വാടകക്കെടുത്ത വീട്ടിലേക്ക് താമസം മാറ്റിയ ശേഷവും ഇതേ സ്ഥിതിയായിരുന്നു. വീടിന്റെ ബാൽക്കണി പോലും മറച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഭയം മൂലം കുടുംബം പുറത്തിറങ്ങാറുണ്ടായിരുന്നില്ല. മർദനമേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ആന്റണിയുടെ വാഹനത്തിലാണെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അതിനുശേഷം മുങ്ങിയ ഇയാളെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.