കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണാഘോഷത്തോടനുബന്ധിച്ച് കൗൺസിലർമാർക്ക് 10,000 രൂപയുടെ പണക്കിഴി സമ്മാനം നൽകിയെന്ന കേസിൽ മുൻ ചെയർപേഴ്സൻ അജിത തങ്കപ്പൻ, റവന്യൂ ഇൻസ്പെക്ടർ പാറശാല പരശുവക്കൽ സ്വദേശി യു. പ്രകാശ് കുമാർ എന്നിവർക്ക് മുൻകൂർ ജാമ്യം. ഒക്ടോബർ 25നോ അതിനുമുമ്പോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ചോദ്യം ചെയ്യലിനുശേഷം ഇവരെ അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നുമാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.
2021 ലെ ഓണക്കാലത്ത് കൗൺസിലർമാർക്ക് 10,000 രൂപ വീതം ചെയർപേഴ്സൻ സമ്മാനമായി നൽകിയെന്നാണ് പരാതി. തട്ടിപ്പു നടത്തിയിട്ടില്ലെന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും അജിത തങ്കപ്പൻ വാദിച്ചു. തന്നെ വംശീയമായി അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ഈ കേസിലെ പരാതിക്കാരനെന്നും വ്യക്തമാക്കി. കൗൺസിൽ തീരുമാന പ്രകാരം ഫെസ്റ്റിവൽ കമ്മിറ്റി നിർദേശിച്ച പരിപാടികൾ നടത്താൻ മുൻകൈയെടുത്തെന്നല്ലാതെ തനിക്കു കേസിൽ പങ്കില്ലെന്ന് പ്രകാശ് കുമാറും വാദിച്ചു. കേസിൽ പ്രതികൾ ബോധപൂർവം കുറ്റം ചെയ്തെന്ന് ഇനിയും പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.