തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധന വഴിയൊരുക്കിയത് സംസ്ഥാനത്തെ ഏറ്റവുംവലിയ എം.ഡി.എം.എ വേട്ടക്ക്. കണ്ണൂർ പയ്യന്നൂരിനടുത്ത് കോവപുരം സ്വദേശി മുള്ളന്റകത്ത് വീട്ടിൽ ഫാസിൽ (36) പിടിയിലായി. പ്രതിയുടെ കൈയിൽനിന്നും താമസസ്ഥലത്ത് നിന്നുമായി പിടിച്ചെടുത്തത് 2,400 ഗ്രാമിലധികം എം.ഡി.എം.എ. ഗുളികരൂപത്തിലും പൊടിരൂപത്തിലുമുള്ള ഇതിന് കോടികൾ വില വരും.
കൊച്ചിയിലെ ലഹരി പാർട്ടികളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന. ഇയാളുടെ സാമ്പത്തിക ഇടപാടുകളും വിൽപന ശൃംഖലയിൽ ആരെല്ലാമെന്നതും അന്വേഷിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.50ഓടെ ഒല്ലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും സ്റ്റേഷൻ പരിധിയിലെ പി.ആർ പടിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഫാസിൽ പിടിയിലായത്.
കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് ഏകദേശം 20 ഗ്രാമിലധികം തൂക്കം വരുന്ന ഗുളികരൂപത്തിലുള്ള എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ അജേഷിന്റെ നിർദേശത്തെത്തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു. തുടർന്ന് അസിസ്റ്റന്റ് കമീഷണർ നദീമുദ്ദീന്റെ നിർദേശാനുസരണം, പ്രതി വാടകക്ക് താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1943 ഗ്രാമിലധികം തൂക്കംവരുന്ന ഗുളികരൂപത്തിലുള്ളതും 450 ഗ്രാമോളം തൂക്കംവരുന്നതുമായ എം.ഡി.എം.എ പിടികൂടിയത്.
ലഹരിവിരുദ്ധ സ്ക്വാഡ് ഡാൻസാഫ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്. ലികേഷ്, കെ.ബി. വിപിൻദാസ്, അഖിൽ വിഷ്ണു, അനിൽ, അഭീഷ് ആന്റണി, വൈശാഖ് എന്നിവരുടെ രഹസ്യാന്വേഷണമാണ് എം.ഡി.എം.എ പിടികൂടാൻ സഹായകമായത്.
അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്പെക്ടർ അജീഷ്, സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.