ബലൂൺ മുഖേന ഹൃദയ ദ്വാരമടച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജ്
വടക്കാഞ്ചേരി: ശസ്ത്രക്രിയക്ക് പകരം ബലൂൺ മുഖേന ഹൃദയത്തിന്റെ ദ്വാരമടച്ച് വിജയം കൈവരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് ചെയ്യേണ്ടിയിരുന്നത്. ഇത് ഒഴിവാക്കി കാലിലെ രക്തകുഴലിലൂടെ പൈപ്പ് വഴി ബലൂൺ ഹൃദയത്തിനുള്ളിലെത്തിച്ച് ഹൃദയത്തിന്റെ ദ്വാരം അടക്കുകയാണ് ചെയ്തത്. തൃശൂർ മെഡിക്കൽ കോളജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
വയനാട് സ്വദേശിയായ വിനയൻ (18) മുട്ടുവേദനയെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 13ന് വയനാട് മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് പോയിരുന്നു. ഹൃദയസംബന്ധമായ ഒരു രോഗലക്ഷണവും വിനയന് ഉണ്ടായിരുന്നില്ല. ഹൃദയത്തിൽ ശബ്ദവ്യതിയാനം കേട്ടതിനെത്തുടർന്ന് പരിശോധന നടത്തി. വാൽവിനാണ് തകരാർ എന്നായിരുന്നു പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ കോളജ് കാർഡിയോളജി വകുപ്പിൽ പരിശോധനക്ക് വന്നപ്പോൾ വാൽവിനല്ല തകരാർ എന്നും ജന്മന ഹൃദയത്തിൽ ഒരു ദ്വാരം ഉണ്ടെന്നും മനസ്സിലാക്കിയത്. ഹൃദയത്തിന്റെ മുകളിലെ അറകളായ ഇടത്തും വലത്തുമുള്ള ആട്രിയയെ വേർതിരിക്കുന്ന ഭിത്തിയിലായിരുന്നു ദ്വാരം. ഇത് നെഞ്ച് തുറന്ന് ശാസ്ത്രക്രിയ ചെയ്ത് അടക്കാം. അല്ലെങ്കിൽ രക്തധമനി വഴി കത്തീറ്റർ കടത്തിയും ദ്വാരം അടക്കാം. ഡിവൈസ് ക്ലോഷർ എന്നാണ് ഇതിനെ പറയുക. എ.എസ്.ഡി ദ്വാരത്തിന്റെ ചുറ്റുമുള്ള ഭിത്തികൾ നല്ല കട്ടിയും ശക്തിയുമുള്ളതാണെങ്കിൽ മാത്രമേ എ.എസ്.ഡി ഡിവൈസ് ഉറച്ചിരിക്കുകയുള്ളൂ.
വിനയന്റെ ഹൃദയത്തിന്റെ ദ്വാരത്തിന്റെ ചുറ്റുമുള്ള ഭിത്തി കട്ടികുറഞ്ഞിരുന്നതിനാൽ ഡിവൈസ് ക്ലോഷർ സാധ്യമാവില്ലെന്ന് ആദ്യമേ ഡോക്ടർമാർ മനസ്സിലാക്കി. നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ബന്ധുക്കൾ തയാറായിരുന്നില്ല. തുടർന്നാണ് രക്തധമനി വഴി ദ്വാരം അടക്കാൻ തീരുമാനിച്ചത്. രണ്ടു തവണത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കണ്ടു.
കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. സി.പി. കരുണദാസിന്റെ നേതൃത്വത്തിൽ ഡോ. സി. മുകുന്ദൻ, ഡോ. പി. ആന്റണി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സുഷ, ഡോ. ശ്യാം, ഡോ. ബിജിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നൽകിയത്. രണ്ടാം ദിവസം രോഗി ഡിസ്ചാർജ് ആയി. രണ്ടര ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി സൗജന്യമായാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.